കുന്ദമംഗലം: ദേശീയ രംഗത്തെ പ്രധാനപ്പെട്ട ഇസ്‌ലാമിക പണ്ഡിതർ നേതൃത്വം നൽകിയ മർകസ് ഖത്‍മുൽ ബുഖാരിക്ക് ഉജ്ജ്വല പരിസമാപ്‌തി. വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 8000 സഖാഫികൾ പങ്കെടുത്തു. ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തിയും സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകി. രാജ്യത്ത് നിർണ്ണായകമായ പൊതുതിരെഞ്ഞെടുപ്പാണ് നടക്കുന്നതെന്നും ഓരോ പൗരനും വോട്ടവകാശം കൃത്യതയോടെ വിനിയോഗിക്കണമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട അവകാശമാണ് വോട്ടവകാശം. ജനങ്ങളെ മാനിക്കുന്ന, വർഗീയതയെയും അഴിമതിയും പ്രോത്സാഹിപ്പിക്കാത്ത ഭരണകൂടമാണ് നിലവിൽ വരേണ്ടത്. സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയുടെ നിലപാട് കീഴ്ഘടകങ്ങൾ വഴി പ്രവർത്തകരെ അറിയിച്ചിട്ടുണ്ട്. അഖിലേന്ത്യാ തലത്തിൽ 23 സംസ്ഥാനങ്ങളിൽ പ്രവർത്തങ്ങളുള്ള ഞങ്ങൾക്ക് ഓരോ സംസ്ഥാനത്തും ഏത് മതേതരത്വ കക്ഷിയെ പിന്തുണക്കണം എന്നതിന് കൃത്യമായ കാഴ്ചപ്പാടുണ്ട്: കാന്തപുരം പറഞ്ഞു.
ലോകപ്രശസ്ത ഇസ്‌ലാമിക പ്രഭാഷകനായ സയ്യിദ് മുഹമ്മദ് നൂറാനി മിയ അശ്‌റഫി യു.പി സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. ഇന്ത്യയിലെ ഇസ്ലാമിക വൈജ്ഞാനിക രംഗത്തു ഏറ്റവും വലിയ അക്കാദമിക സംഭാവന നൽകുന്ന സ്ഥാപനമാണ് വിവിധ സംസ്ഥാനങ്ങളിൽ പരന്നുകിടക്കുന്ന മർകസ് എന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യൻ മുസ്ലിംകളുടെ വൈജ്ഞാനികവും സാമൂഹികവുമായ ഇടപെടലുകൾ നടത്തുന്നതിൽ ലോകത്തേറ്റവും ശ്രദ്ധേയനായ പണ്ഡിതൻ എന്ന നിലയിലാണ് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെ ഗ്രാൻഡ് മുഫ്തിയായി നിയമിച്ചത്: അദ്ദേഹം പറഞ്ഞു.
അജ്മീർ ശരീഫ് വൈസ് ചെയർമാൻ സയ്യിദ് ബാബർ മിയ അശ്‌റഫി മുഖ്യപ്രഭാഷണം നടത്തി. ബറേൽവി ശരീഫിലെ പ്രമുഖ എഴുത്തുകാരനും പണ്ഡിതനുമായ സയ്യിദ് ശിഹാബുദ്ധീൻ റസ്‌വി അനുമോദന പ്രസംഗം നടത്തി. സയ്യിദ് ഗുലാം ഹുസൈൻ ശാ ജീലാനി രാജസ്ഥാൻ ഖത്മുൽ ബുഖാരിയിൽ
പ്രാർത്ഥന നടത്തി . സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നടത്തി. ഇ. സുലൈമാൻ മുസ്‌ലിയാർ, സയ്യിദ് സൈനുൽ ആബിദീൻ മലേഷ്യ, സയ്യിദ് ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി, പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, സി മുഹമ്മദ് ഫൈസി, പേരോട് അബ്ദുറഹ്മാൻ സഖാഫി, ഡോ. ഹുസ്സൈൻ സഖാഫി ചുള്ളിക്കോട്, ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി പ്രസംഗിച്ചു.
ഫോട്ടോ: മർകസിൽ സംഘടിപ്പിച്ച ഖത്‍മുൽ ബുഖാരി സമ്മേളനത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ പ്രഭാഷണം നടത്തുന്നു.
മർകസിൽ സംഘടിപ്പിച്ച ഖത്‍മുൽ ബുഖാരി സമ്മേളനം ലോകപ്രശസ്ത ഇസ്‌ലാമിക പ്രഭാഷകൻ സയ്യിദ് മുഹമ്മദ് നൂറാനി മിയ അശ്‌റഫി ഉദ്‌ഘാടനം ചെയ്യുന്നു.