കുന്ദമംഗലം:: നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗതാഗത തിരക്കേറിയതുമായ കുന്നമംഗലം അങ്ങാടിയിലും പരിസര പ്രദേശങ്ങളിലും ദേശീയ പാതയിൽ സീബ്രാലൈൻ മാഞ്ഞു പോയത് കാൽനട യാത്രക്കാരുടെ ജീവന് ഭീഷണിയായിരിക്കുകയാണെന്ന് വെൽഫെയർ പാർട്ടി കുന്നമംഗലം പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. കുന്നമംഗലം ബസ്സ്റ്റാന്റ് പരിസരം, പോലീസ് സ്റ്റേഷൻ പരിസരം, സ്കൂൾ പരിസരം, മുക്കം റോഡ് ജംഗ്ഷൻ, ടെലിഫോൺ എക്സ്ചേഞ്ച് പരിസരം, മർകസ് പരിസരം, കാരന്തൂർ തുടങ്ങിയ വളരെ തിരക്കേറിയ സ്ഥലങ്ങളിൽ ആണ് സീബ്രാലൈൻ മാഞ്ഞു പോയത്. മുമ്പുണ്ടായിരുന്ന ഡിവൈഡർ സംവിധാനം ഇല്ലാതായതോടെ വാഹനങ്ങൾ പലതും ക്രമങ്ങൾ പാലിക്കാതെയാണ് ഓടുന്നത്. അപകട സാധ്യത കൂടിയതിനാൽ അധികൃതർ ഉടനടി പരിഹാരം കാണണമെന്നും വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. കെ. സുബൈർ, പി.കെ. ബിന്ദു, കെ.കെ. അബ്ദുൽ ഹമീദ്, തൗഹീദ അൻവർ, എൻ. ദാനിഷ് എന്നിവർ സംസാരിച്ചു.