ന്യൂഡല്‍ഹി: ഫെയ്‌സ്ബുക്കിലൂടെ 50 ഇന്ത്യന്‍ ജവാന്മാരെ പാകിസ്താന്‍ ഏജന്റ് ഹണി ട്രാപ്പില്‍ കുടുക്കി. ഇതില്‍ അതീവ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ ഒരു ജവാനെ അറസ്റ്റ് ചെയ്തു. സിപോയ് സോംവീര്‍ സിങ് എന്ന ജാവാനാണ് അറസ്റ്റിലായത്
അനിക ചോപ്ര എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് ജവാന്മാരെ കുരുക്കുന്ന സന്ദേശമെത്തിയത്. ഈ അക്കൗണ്ട് ഉപയോഗിക്കുന്നവര്‍ ജവാന്മാരുമായി ബന്ധത്തിലാവുകയും വിവരങ്ങള്‍ ചോര്‍ത്തുകയുമായിരുന്നു.
ജയ്‌സല്‍മേര്‍ യൂനിറ്റില്‍ പ്രവര്‍ത്തിക്കുന്ന സോംവീര്‍ സിങ്, ഫെയ്‌സ്ബുക്കിലൂടെ അനിക ചോപ്രയ്ക്ക് അദ്ദേഹമുള്ള സ്ഥലത്തിന്റെ ചിത്രങ്ങളും പരിശീലനത്തിന്റെ ദൃശ്യങ്ങളും പകര്‍ത്തി നല്‍കിയെന്നാണ് കേസ്.
ഇന്ത്യന്‍ ആര്‍മി എം.എല്‍.എസില്‍ ജോലി ചെയ്യുകയാണെന്നാണ് അനിക ചോപ്ര ഫെയ്‌സ്ബുക്കിലൂടെ സ്വയം അവകാശപ്പെടുന്നത്. എന്നാല്‍ ഇത് പാകിസ്താന്‍ ഏജന്റാണെന്ന് രാജസ്ഥാന്‍ എ.ടി.എസും ഇന്റലിജന്‍സും വ്യക്തമാക്കി
2016 ലാണ് അനിക ചോപ്രയുമായി സോംവീര്‍ പരിചയത്തിലാവുന്നത്. ഫ്രണ്ട് റിക്വസ്റ്റ് ഇങ്ങോട്ടു വന്നപ്പോള്‍ സ്വീകരിക്കുകയായിരുന്നു. പിന്നീട് ചാറ്റിങിലൂടെ സൗഹൃദം പ്രണയമാക്കി വളര്‍ത്തി. ഭാര്യയെ മൊഴിചൊല്ലി തന്നെ വിവാഹം ചെയ്യണമെന്ന് അനിക ചോപ്ര പിന്നീടൊരിക്കല്‍ ആവശ്യപ്പെടുകയും ചെയ്തു.
ജമ്മുവില്‍ നിന്ന് നിരന്തരം ജവാന് ഫോണ്‍ കോള്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ട സൈനിക ഇന്റലിജന്‍സ് പിന്നീട് സോംവീറിനെ നിരീക്ഷണത്തിനുള്ളിലാക്കി. ഫെയ്‌സ്ബുക്ക് ചാറ്റിങ് കൂടി പരിശോധിച്ചതോടെ, അനിക ചോപ്ര പാകിസ്താനില്‍ നിന്നാണ് ചാറ്റ് ചെയ്യുന്നതെന്ന് വ്യക്തമാവുകയായിരുന്നു.