പി.എം മൊയ്തീൻകോയ
‘കോഴിക്കോട്: മെഡിക്കൽ കൊളജിനോടനുബന്ധിച്ച സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിൽ മാസങ്ങളായി ലിഫ്റ്റുകൾ കേടായിക്കിടക്കുന്നത് രോഗികൾക്ക് വിനയായി. ലിഫ്റ്റ് കൾ പ്രവർത്തിക്കാത്തത് മൂലം ഹൃദ്രോഗികളും വൃക്കരോഗികളുമാണ് പ്രധാനമായും ബുദ്ധിമുട്ടാകുന്നത്. ആശുപത്രിയിലെ മുകൾ നിലകളിലാണ് ഇവർ കിടത്തി ചികിത്സ തേടുന്നത്.നാല് ലിഫ്റ്റുകളിൽ രണ്ടെണ്ണം മാസങ്ങളായി പ്രവർത്തനരഹിതമാണ് .ഒരെണ്ണം എമർജൻസിക്ക് വേണ്ടി മാറ്റി വെച്ച തൊഴിച്ചാൽ ബാക്കി ഒന്ന് മാത്രമാണ് രോഗികൾക്കായുള്ളത്. അത് തന്നെ വർക്ക് ലോഡ് കാരണം പലപ്പോഴും നിർജീവാവസ്ഥയിലുമാണ്. കേടായ ലിഫ്റ്റുകൾ നന്നാക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഫലം ഉണ്ടായിട്ടില്ലെന്ന് ജീവനക്കാർ പറയുന്നു. അധികൃതരാവട്ടെ ഇക്കാര്യം ഗൗനിക്കുന്നുമില്ല.കഴിഞ്ഞ തിങ്കളാഴ്ച ഡയാലിസിസ് യൂണിറ്റുകൾ ഉദ്ഘാടനത്തിനെത്തിയ എ കെ.ആന്റണി ഉൾപ്പടെയുള്ളവരെ എമർജൻസി ലിഫ്റ്റിൽ കയറ്റിയാണ് കൊണ്ടുപോയത്. മെഡിക്കൽ കൊളജിന് മാത്രമായുള്ള പൊതുമരാമത്ത് ഇലക്ടിക്കൽ വിഭാഗത്തിന്റെ അനാസ്ഥയാണെന്നാണ് പൊതുവെ അഭിപ്രായം ഉയരുന്നത്. ലിഫ്റ്റുകൾ പ്രവർത്തിപ്പിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് രോഗികളും ബന്ധുക്കളും ആവശ്യപ്പെടുന്നു.