താമരശ്ശേരിചുരത്തിൽ മൂന്ന്, അഞ്ച് വളവുകളുടെ വീതികൂട്ടൽ പ്രവർത്തി പുരോഗമിക്കുന്നുതാമരശ്ശേരി: ചുരത്തിലെ മൂന്ന്, അഞ്ച് മുടിപ്പിൻ (ഹെയർ പിൻ) വളവുകളുടെ വീതികൂട്ടൽ പ്രവൃത്തി പുരോഗമിക്കുന്നു.
അഞ്ചാമത്തെ വളവിന്റെ പണി ഏതാണ്ടു പൂർത്തിയാകാറായി. ഇതോടെയാണു മൂന്നാം വളവിന്റെ പ്രവൃത്തി ആരംഭിച്ചത്.
റോഡ് സേഫ്റ്റി ഫണ്ടിൽ നിന്നും അനുവദിച്ച ആറ് കോടി രൂപ ഉപയോഗിച്ചാണ് രണ്ട് വളവുകളും വീതി കൂട്ടി നവീകരിക്കുന്നത്. ഇനി ആറ്, ഏഴ്, എട്ട് വളവുകൾ കൂടി വീതി കൂട്ടേണ്ടതുണ്ട്.
ഇതിനാവശ്യമായ ഭൂമി വനം വകുപ്പിൽ നിന്നു വിട്ടു കിട്ടിയിട്ടുണ്ടങ്കിലും ഫണ്ട് അനുവദിച്ചിട്ടില്ല. ചുരത്തിലെ അഞ്ച് വളവുകൾ വീതി കൂട്ടാനാവശ്യമായ 2.1 ഏക്കർ സ്ഥലം വിട്ടുകിട്ടാൻ 31.5 ലക്ഷം രൂപയാണു ദേശീയപാതാ വിഭാഗം വനംവകുപ്പിനു നൽകിയത്.
ചുരത്തിലെ മുഴുവൻ വളവുകളും വീതികൂട്ടി പൂട്ടുകട്ട പതിക്കണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ടെങ്കിലും വനം വകുപ്പിൽ നിന്നു സ്ഥലം വിട്ടുകിട്ടാനുള്ള പ്രയാസം മൂലം വീതി കൂട്ടാൻ കഴിയാത്ത അവസ്ഥയിലായിരുന്നു.
മുഴവൻ വളവുകളും വീതി കൂട്ടുന്നതോടെ ടൈൽസ് പാകാനുള്ള നടപടികൾ തുടങ്ങും. നിലവിൽ ഒമ്പത്, നാല്, രണ്ട് വളവുകൾ വീതികൂട്ടി ടൈൽസ് പാകിയതാണ്.
ടൈൽസ് പാകിയ വളവുകളിലെ റോഡ് വർഷങ്ങൾ കഴിഞ്ഞിട്ടും പൊട്ടി പൊളിയാതെ കിടക്കുന്നതാണു മുഴുവൻ വളവുകളിലും പൂട്ടുകട്ട പതിക്കണമെന്ന ആവശ്യം ശക്തമാവാൻ കാരണം.
പ്രളയത്തിൽ റോഡ് ഇടിഞ്ഞു താഴ്ന്ന ചിപ്പിലിത്തോട്ടിൽ സുരക്ഷാ ഭിത്തി നിർമാണം പൂർത്തിയായി. ഈ ഭാഗത്ത് റോഡിന്റെ ടാറിങ്ങും കഴിഞ്ഞിട്ടുണ്ട്. ഇനി സുരക്ഷാ ഭിത്തി പെയിന്റടിച്ചു മിനുക്കിയാൽ മതി.