ന്യൂഡൽഹി: ബി.ജെ.പിയുടെ എെ.ടി സെൽ വിഭാഗത്തിന്റെ വെബ്സെെറ്റ് ഹാക്ക് ചെയ്തു. ഇന്ത്യയിലെ എല്ലാ കമ്പ്യൂട്ടറുകളും നിരീക്ഷിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിന് പിന്നാലെയാണ് വെബ്സെെറ്റ് ഹാക്ക് ചെയ്യപ്പെട്ടത്. ഹാക്ക് ചെയ്തതിന്ശേഷം ഞങ്ങൾക്ക് സ്വകാര്യത വേണം, സ്വകാര്യത ഞങ്ങളുടെ അവകാശമാണ്, ബി.ജെ.പിയുടെ രഹസ്യ വിവരങ്ങൾ ഞങ്ങൾ പുറത്തെത്തിക്കും, ബി.ജെ.പിയുടെ കെെയിലുള്ള കള്ളപ്പണത്തിന്റെ വിവരങ്ങൾ ഞങ്ങളുടെ കെെവശമുണ്ടെന്നും ഹാക്കർമാർ വെബ്സെറ്റിൽ കുറിച്ചിട്ടു.
നിയമം മാറ്റുക അല്ലെങ്കിൽ രാജ്യം വിട്ടുപോകുക. ബിജെപിയെ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ അനുവദിക്കില്ല. ജനങ്ങളെ നിയന്ത്രിക്കാൻ നിങ്ങൾക്കാവില്ല. എല്ലാ തെളിവുകളുമായി ഞങ്ങൾ കോടതിയിലെത്തുന്ന സമയത്തിനായി നിങ്ങൾ കാത്തിരിക്കൂ എന്നും വെബ്സെെറ്റിൽ കുറിച്ചിട്ടുണ്ട്.
രാജ്യത്തെ 10 അന്വേഷണ ഏജൻസികൾക്ക് ഏതൊരാളുടെയും കംപ്യൂട്ടറിൽ നുഴഞ്ഞുകയറാനും നിരീക്ഷണം നടത്താനും അധികാരം നൽകുന്ന ഉത്തരവാണ് കഴിഞ്ഞ ദിവസമാണ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയത്. ഇതനുസരിച്ച് വ്യക്തിയുടെയോ സ്ഥാപനങ്ങളുടെയോ കംപ്യൂട്ടറുകളിൽ ശേഖരിച്ചിരിക്കുന്നതും കൈമാറ്റം ചെയ്യപ്പെട്ടതുമായ വിവരങ്ങൾ പരിശോധിക്കാനും പിടിച്ചെടുക്കാനും ഏജൻസികൾക്ക് അധികാരം ലഭിക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വൻ പ്രതിഷേധമാണ് ഇതിനെതിരെ ഉയരുന്നത്