ഒയിസ്ക ടോപ് ടീന്‍
ദയാപുരം സ്കൂളിലെ ഹിബ മുനീർ
യൂത്ത് ഐക്കണ്‍
ചാത്തമംഗലം: ഒയിസ്ക ഇന്‍റർനാഷണല്‍ രാജ്യാന്തരതലത്തില്‍ നടത്തിയ ടോപ് ടീന്‍ പരീക്ഷയില്‍ ദയാപുരം റസിഡന്‍ഷ്യല്‍ സ്കൂളിലെ പത്താംക്ലാസ്സ് വിദ്യാർത്ഥി ഹിബ മുനീർ സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനത്തോടെ ‘ഒയിസ്ക യൂത്ത് ഐക്കണ്‍’ ആയി. ഡിസംബർ 15ന് ഒയിസ്ക ഇന്‍റർനാഷണല്‍ ജപ്പാന്‍ അധികൃതർ നേരിട്ടുനടത്തുന്ന അഭിമുഖത്തില്‍കൂടി കഴിവ് തെളിയിച്ചാല്‍ അരക്കോടിയോളം രൂപയുടെ വിദ്യാഭ്യാസ സ്കോളർഷിപ്പോടെ ടോക്കിയോവില്‍ ഉപരിപഠനം എന്ന സുവർണനേട്ടത്തിലെത്തും ഹിബ.
2012 ല്‍ ദയാപുരം റസിഡന്‍ഷ്യല്‍ സ്കൂള്‍ പത്താം ക്ലാസ്സ് വിദ്യാർത്ഥിയായിരുന്ന മുക്കം സ്വദേശി ജവാദ് ബാബുവും ഈ അസുലഭനേട്ടം കൈവരിച്ചിരുന്നു.
പൊതുവിജ്ഞാനം, ശാസ്ത്രം, ചരിത്രം, ഭൂമിശാസ്ത്രം, സാഹിത്യം, കല, സംസ്കാരം, പരിസ്ഥിതി, കായികം എന്നീ വിഷയങ്ങളില്‍ എഴുത്തുപരീക്ഷയും പേഴ്സണാലിറ്റി ടെസ്റ്റും ഉള്‍പ്പടെ ആറു വ്യത്യസ്ത തലങ്ങളായാണ് ടോപ് ടീന്‍ മത്സരം. പഠനത്തിലും പാഠ്യാനുബന്ധ പ്രവർത്തനങ്ങളിയും ഒരുപോലെ മികവുപുലർത്തുന്ന ഒമ്പത്, പത്ത് ക്ലാസ്സ് വിദ്യാർത്ഥികളില്‍നിന്ന് സ്കൂള്‍ തലവും, ജില്ലാതലവും, ചാപ്റ്റർ തലവും കടന്നാണ് ഹിബ മുനീർ സംസ്ഥാനത്ത് ഒന്നാം സ്ഥാനക്കാരിയായത്. സൌത്ത് ഇന്ത്യന്‍ ചാപ്റ്ററില്‍നിന്ന് ഇക്കുറി അറുപതിനായിരത്തോളം വിദ്യാർത്ഥികള്‍ പങ്കെടുത്തു.
ഇന്നലെ കോഴിക്കോട് ഒയിസ്ക ഇന്‍റർനാഷണല്‍ യൂത്ത് സെന്‍ററില്‍ നടന്ന ചടങ്ങില്‍ സൌത്ത് ഇന്ത്യന്‍ ചാപ്റ്റർ ഡയറക്ടർ ആന്‍റ് സെക്രട്ടറി ജനറല്‍ എം അരവിന്ദ് ബാബുവില്‍ നിന്ന് ഹിബ മുനീർ ട്രോഫിയും പുരസ്കാരപത്രവും ഏറ്റുവാങ്ങി. ഒയിസ്ക ജില്ലാ കോ-ഓർഡിനേറ്റർ പി.കെ നളിനാക്ഷന്‍, മുന്‍ ജില്ലാ പ്രസിഡന്‍റുമാരായ അനൂപ് കുമാർ, വി.പി ശശിധരന്‍, മലബാർ ക്രിസ്ത്യന്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഗ്ലാഡിസ് ഐസക് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
കോഴിക്കോട് മടവൂർ സ്വദേശികളായ അബദുള്‍ മുനീറിന്‍റെയും ഷമീനയുടേയും മകളായ ഹിബ ദയാപുരം സ്കൂള്‍ വിദ്യാർത്ഥി പാർലിമെന്‍റ് അംഗം കൂടിയാണ്. സഹോദരന്‍ നിദാല്‍ മുനീർ ഇതേ സ്കൂളില്‍ ആറാം ക്ലാസ്സില്‍ പഠിക്കുന്നു.