കുന്ദമംഗലം:കാരന്തൂര്‍ വേങ്ങേരിമണ്ണില്‍ കുടിവെള്ള പദ്ധതി തൊഴിലും എക്സൈസും വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ പി.ടി.എ റഹിം എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 18 ല്‍ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന ചോലക്കല്‍മേത്തല്‍, വേഞ്ചേരിമേത്തല്‍, എരുമോറക്കുന്ന്, കൊളായ്താഴം പ്രദേശങ്ങളിലെ 141 കുടുംബള്‍ക്കും രണ്ട് അംഗന്‍വാടികള്‍ക്കുമാണ് ഈ പദ്ധതിയിലൂടെ കുടിവെള്ളം ലഭ്യമാക്കുന്നത്.
എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന പദ്ധതിയില്‍ നിന്നും അനുവദിച്ച 35 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് വിഹിതമായി നല്‍കിയ 10 ലക്ഷം രൂപയും ഉപയോഗിച്ചാണ് പ്രവൃത്തി പൂര്‍ത്തീകരിച്ചത്.
പൂനൂര്‍ പുഴയുടെ ഇടതുകരയില്‍ 7 മീറ്റര്‍ ആഴത്തിലും 5 മീറ്റര്‍ വ്യാസത്തിലും നിര്‍മ്മിച്ച കിണറില്‍ നിന്ന് എരുമോറക്കുന്നിന് മുകളിലായി കോണ്‍ക്രീറ്റ് തൂണുകളില്‍ സ്ഥാപിച്ച 50,000 ലിറ്റര്‍ സംഭരണശേഷിയുള്ള ടാങ്കിലേക്ക് വെള്ളമെത്തിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ഇതിനായി 1050 മീറ്റര്‍ നീളത്തില്‍ പമ്പിംഗ് മെയിന്‍, വിതരണ പൈപ്പ് ലൈനുകള്‍ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ബാബു പറശ്ശേരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷൈജ വളപ്പില്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ രജനി തടത്തില്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ത്രിപുരി പൂളോറ, തെഞ്ചേരി വേലായുധന്‍, ബാബു നെല്ലൂളി, ഖാലിദ് കിളിമുണ്ട. മോഹനന്‍ പുല്‍പറമ്പില്‍, വി.പി ശ്രീനിവാസന്‍, ടി.വി വിനീത് കുമാര്‍ സംസാരിച്ചു.
എല്‍.എസ്.ജി.ഡി എക്സി. എഞ്ചിനീയര്‍ കെ.ജി സന്ദീപ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കുടിവെള്ള പദ്ധതി കണ്‍വീനര്‍ പുളിക്കല്‍ മോഹനന്‍ പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ സനില വേണുഗോപാലന്‍ സ്വാഗതവും കുടിവെള്ള പദ്ധതി ചെയര്‍മാന്‍ പി കോയമാസ്റ്റര്‍ നന്ദിയും പറഞ്ഞു. ഫോട്ടോ: കാരന്തൂർ വേങ്ങേരി മണ്ണിൽ കുടിവെള്ള പദ്ധതി മന്ത്രി ടി.പി.രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു