
കോഴിക്കോട് : സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം കോഴിക്കോട് ജില്ലാ ജപ്തിവിരുദ്ധ കൺവെൻഷൻ 2025 ഒക്ടോബർ 26 ഞായറാഴ്ച കാലത്ത് 10 മണിമുതൽ കുന്നമംഗലത്ത് വെച്ചു നടത്തപ്പെടുന്നു.
കൺവെൻഷനിൽ രാഷ്ട്രീയ സാംസ്കാരിക സാമൂഹ്യ മേഖലയിലെ പ്രമുഖരായ വ്യക്തിത്വങ്ങൾ പങ്കെടുത്തു സംസാരിക്കും.കേരള സർക്കാർ ആവിഷ്കരിച്ച കിടപ്പാട ജപ്തി നിരോധന നിയമത്തെപ്പോലും കാറ്റിൽ പറത്തിക്കൊണ്ടാണ് ബാങ്കുകളും ഇതര ധനകാര്യ സ്ഥാപനങ്ങളും സർക്കാറിന്റെ പോലീസ്,റവന്യൂ സംവിധാനങ്ങളുടെ സഹായത്താൽ കിടപ്പാടജപ്തി നിർബാധം തുടരുന്നത്.ഈ സാഹചര്യത്തിൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോവുക എന്ന ലക്ഷ്യത്തോടെയാണ് ജപ്തിവിരുദ്ധ കൺവെൻഷൻ നടക്കുന്നത്.
ഒരു ജനാധിപത്യരാജ്യമായ നമ്മുടെ രാജ്യത്ത് ഒരിക്കലും അനുവദിച്ചുകൊടുക്കാൻ കഴിയാത്ത സർഫാസി എന്ന കരിനിയമത്തെ കൂട്ടുപിടിച്ചാണ് ജപ്തി നടപടികൾ നടക്കുന്നത്.സർഫാസി നിയമം എടുത്തുമാറ്റണമെന്ന് മുഴുവൻ ജനങ്ങളും ഒറ്റക്കെട്ടായി ആവശ്യപ്പെടേണ്ടിയിരിക്കുന്നു.അന്യായവും നിയമ വിരുദ്ധവും പാവങ്ങളെ തെരുവിലേക്ക് വലിച്ചെറിയുന്നതുമായ കിടപ്പാട ജപ്തികൾ നിർത്തിവെക്കാനുള്ള നിയമപരവും സംഘടനാപരവുമായ വഴികളെക്കുറിച്ച് കൺവെൻഷൻ ചർച്ച ചെയ്തു തീരുമാനം കൈക്കൊള്ളുന്നതാണ്..
