
കുന്ദമംഗലം : ചികിത്സക്കിടെ മരണപ്പെട്ട പൊതുപ്രവര്‍ത്തകന്‍ പെരുവഴിക്കടവ് പീടിക തൊടികയിൽ കലേഷിന്റെ കുടുംബത്തിന് വേണ്ടി നാട്ടുകാർ നിർമ്മിച്ച സ്നേഹ വീടിൻ്റെ താക്കോൻ ഞായറാഴ്ച രാവിലെ ഒമ്പതരക്ക് എം.കെ. രാഘവന്‍ എംപി കുടുംബത്തിന് കൈമാറുമെന്ന് ഭാരവാഹികള്‍ കുന്ദമംഗലം പ്രസ്ക്ലബിൽ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. ചടങ്ങിൽ പി.ടി.എ റഹീം എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അരിയിൽ അലവി, പഞ്ചായത്ത് പ്രസിഡൻ്റ് ലിജി പുൽക്കുന്നുമ്മൽ തുടങ്ങിയ പ്രമുഖർ സംബന്ധിക്കും.
പെരുവഴിക്കടവ് മേപ്പുത്തലത്ത് 11 ലക്ഷം രൂപ ചെലവിട്ടാണ് നാട്ടുകൂട്ടായ്മയുടെ സഹകരണത്തോടെ വീട് പൂര്‍ത്തിയാക്കിയത്. മഞ്ഞപ്പിത്ത ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു മുതല്‍ കലേഷിനെ ചികിത്സിക്കാനുള്ള ദൗത്യം നാട്ടുകാര്‍ ഏറ്റെടുത്തിരുന്നു. രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് ചികിത്സാ സഹായ കമ്മിറ്റി രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങിയെങ്കിലും പ്രാദേശികമായി കണ്ടെത്താന്‍ കഴിയുന്നതിലുമധികം തുക ആവശ്യമുണ്ടെന്ന് ബോധ്യമായതിനെ തുടര്‍ന്ന് എഎസ്‌കെ കെയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഷമീര്‍ കുന്ദമംഗലത്തിന്റെ സഹായം അഭ്യര്‍ഥിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ക്രൗഡ് ഫണ്ടിംഗ് നടത്താനുള്ള ഒരുക്കം പൂര്‍ത്തിയാക്കുന്നതിനിടെയാണ് 2024 സെപ്തംബര്‍ 13-ന് കലേഷിന്റെ
മരണം. തുടര്‍ന്ന് ചികിത്സാ സഹായ കമ്മിറ്റി കുടുംബ സഹായ കമ്മിറ്റിയാക്കി മാറ്റുകയും അദ്ദേഹത്തിന്റെ തകര്‍ന്നു പോയ വീട് നിലനില്‍ക്കുന്ന സ്ഥലത്തിന്റെ പേരിലുള്ള ആധാരം സഹകരണ സംഘത്തില്‍ നിന്നും തിരിച്ചെടുത്ത് കുടുംബത്തിന് നല്‍കുക, അച്ഛനും അമ്മക്കും സുരക്ഷിതമായി താമസിക്കാന്‍ വീടൊരുക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് കമ്മിറ്റി ഏറ്റെടുത്തത്. ക്രൗഡ് ഫണ്ടിംഗ് വഴി സമാഹരിച്ച തുകയും നാട്ടുകാരുടെയും കലേഷിന്റെ സുഹൃത്തുക്കളുടെയും അകമഴിഞ്ഞ പിന്തുണയോടും കൂടി സമാഹരിച്ച തുക ഉപയോഗിച്ച് ഏറ്റെടുത്ത എല്ലാ ലക്ഷ്യങ്ങളും പൂര്‍ത്തീകരിച്ചാണ് കുടുംബത്തിന് വീട് കൈമാറുന്നത്. ചടങ്ങിൽ ഷമീർ കുന്ദമംഗലത്തിനെ ആദരിക്കും. വാർത്ത സമ്മേളനത്തിൽ
ബാബു നെല്ലൂളി, യു.സി. പ്രീതി, ശശികുമാര്‍ കാവാട്ട്, എം.എം. സുധീഷ്‌കുമാര്‍ , കെ. ഷാജികുമാര്‍, ഇ. സുരേഷ് എന്നിവര്‍ പങ്കെടുത്തു.
