ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകളുടെ കാലാവധി ഡിസംബര്‍ 31ന് അവസാനിക്കും
മുംബൈ: ആധുനിക സാങ്കേതിക വിദ്യയോടു കൂടിയ നവീന ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഉത്തരവിട്ടു. വിവരങ്ങള്‍ ചോര്‍ത്തി പണം തട്ടുന്നത് വ്യാപകമായ പശ്ചാത്തലത്തില്‍ ഇത് തടയാന്‍ ലക്ഷ്യമിട്ട് ചിപ്പ് അടിസ്ഥാനമാക്കിയുള്ള ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകള്‍ അനുവദിക്കാന്‍ ബാങ്കുകള്‍ക്ക് കേന്ദ്ര ബാങ്ക് നിര്‍ദേശം നല്‍കി.
റിസര്‍വ് ബാങ്കിന്റെ പുതിയ ഉത്തരവ് അനുസരിച്ച് നിലവിലെ കാര്‍ഡുകള്‍ക്ക് ഡിസംബര്‍ 31 വരെ മാത്രമേ പ്രാബല്യമുണ്ടാവുകയുള്ളൂ.
നേരത്തെ ചിപ്പ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇഎംവി കാര്‍ഡുകളിലേക്ക് മാറണമെന്ന് റിസര്‍വ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. യൂറോ പേ, മാസ്റ്റര്‍ കാര്‍ഡ്, വിസ എന്നിവയുടെ ചുരുക്കപേരാണ് ഇഎംവി. ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ പരിഷ്‌കാരം.
നിലവിലെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ മാഗ്നെറ്റിക് സ്‌ട്രൈപ്പ് കാര്‍ഡുകളായതിനാല്‍ ഇവയില്‍ നിന്ന് വിവരങ്ങള്‍ എളുപ്പം ചോര്‍ത്താനാവും. എന്നാല്‍ ചിപ്പിലാണ് വിവരങ്ങള്‍ സൂക്ഷിക്കുന്നതെന്നതിനാല്‍ ഇഎംവി കാര്‍ഡുകള്‍ സുരക്ഷിതമായിരിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.