കുന്ദമംഗലം : ഗ്രാമ പഞ്ചായത്തു യു.ഡി.എഫ് മെമ്പർമാരായ പി. കൗലത്ത് , ജിഷ എന്നിവരെ അയോഗ്യരാക്കിയ മുൻസിഫ് കോടതി വിധി, ജില്ലാ കോടതി സ്റ്റേ ചെയ്തു കുന്ദമംഗലം : 2011- 12ലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ രണ്ട് പദ്ധതികളിലെ ഓഡിറ്റ് ഒബ്ജക്ഷൻ അനുസരിച്ച് 40259 രൂപ വീതം ആ കാലയളവിലെ മുഴുവൻ മെമ്പർമാരിൽ നിന്നും ( യു.ഡി.എഫ്-എൽ ഡി.എഫ് ) ഈടാക്കാൻ തീരുമാനിച്ചിരുന്നു. നിയമ വിരുദ്ധമായ തീരുമാനത്തിനെതിരെ ബഹു:ഹൈക്കോടതിയെ മെമ്പർമാർ സമീപിക്കുകയും കോടതി മേൽ തീരുമാനം സ്റ്റേ ചെയ്യുകയും ചെയ്തു. 2020 ൽ ഗ്രാമ പഞ്ചായത്തിലേക്ക് മൽസരിച്ച പി. കൗലത്ത് , ജിഷ ചോലക്കമണ്ണിൽ എന്നിവരുടെ നോമിനേഷൻ പ്രസ്തുത കാരണം പറഞ്ഞ് തള്ളിക്കുന്നതിന് ഇടതുപക്ഷം കഠിനമായ ശ്രമം നടത്തിയിരുന്നെങ്കിലും സംസ്ഥാന ഇലക്ഷൻ കമ്മീഷൻ നിർദ്ദേശ പ്രകാരം റിട്ടേണിങ്ങ് ഓഫീസർ അവസാന നിമിഷം നോമിനേഷൻ സ്വീകരിക്കുകയും രണ്ടു പേരും മൽസരിച്ച് വിജയിക്കുകയും ചെയ്തു. ഇതിനെതിരെ പരാജയപ്പെട്ട രണ്ടു് എൽ.ഡി -എഫ് സ്ഥാനാർത്ഥികൾ കോഴിക്കോട് മുൻസിഫ് കോടതിയിൽ പരാതി നൽകുകയും കോടതി കൗലത്തിന്റേയും, ജിഷയുടേയും തെരഞ്ഞെടുപ്പ് റദ്ദാക്കി പരാതിക്കാരികളായ രണ്ടു് എതിർ സ്ഥാനാർത്ഥികളേയും വിജയികളായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ വിധിക്കെതിരെ കൗലത്തും ജിഷയും ജില്ലാ കോടതിയിൽ നൽകിയ അപ്പീൽ പരിഗണിച്ചാണ് കീഴ്കോടതി വിധി സ്റ്റേ ചെയ്തിരിക്കുന്നതു്. ഹരജിക്കാരായ കൗലത്ത് , ജിഷ എന്നിവർക്ക് വേണ്ടി അഡ്വ: സിദ്ധാർത്ഥൻ ഹാജരായി