അൻഫാസ് വി കെ
കുന്ദമംഗലം : കാരന്തൂരിനടുത്തുള്ള കാശ്മീർ പേരുപോലെതന്നെ പ്രകൃതി സൗന്ദര്യത്താൽ മനോഹരവും ഉയരമേറിയതുമായ പ്രദേശമാണ് കാശ്മീർ കുന്ന്.കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ 18-ാം വാർഡും കോഴിക്കോട് നഗരസഭയിലെ 17 -ാം വാർഡും ഉൾപ്പെട്ട പ്രദേശമാണ് കാശ്മീർക്കുന്ന് .നവംബർ ഡിസംബർ മാസങ്ങളിൽ ഇവിടെ മാത്രം കാണുന്ന പ്രത്യേകതരം പുല്ലിൽ മഞ്ഞുതുള്ളികൾ ഒരേ പ്രതലത്തിൽ നിൽക്കുമ്പോഴാണ് കാശ്മീരിനോട് സാദൃശ്യം തോന്നുന്ന രീതിയിൽ മനോഹാരിത വരുന്നതു കൊണ്ടാണ് കാശ്മീർ കുന്ന് എന്ന് പറയുന്നത്.പേരിനെ അന്വര്‍ത്ഥമാക്കും വിധം സുന്ദരമാണ് ഇവിടം.സർക്കാർ രേഖകളിൽ ഈ പ്രദേശം അറിയപ്പെടുന്നത് എരുമോറക്കും എന്നാണ്.12 ഏക്കറിൽ പരന്നുകിടക്കുന്ന ടേബിൾടോപ്പ് പോലെ വിശാലമായ ഭൂപ്രകൃതിയും ചെങ്കുത്തായ പാറക്കെട്ടുകൾ നിറഞ്ഞ താഴ്വാരവും പ്രകൃതി കാഴ്ചകളും വ്യൂ പോയിന്റും പച്ചപ്പ് നിറഞ്ഞ പുൽ മൈതാനവുമാണ് ഇവിടത്തെ പ്രധാന ആകർഷണം.കോഴിക്കോട് മെഡിക്കൽ കോളേജ് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം,കുന്ദമംഗലം ഐ.ഐ.എം,സി.ഡബ്ലിയു.ആർ.ഡി. എം തുടങ്ങി തന്ത്രപ്രധാനമായ എല്ലാ കേന്ദ്രവും 360 ഡിഗ്രി ആങ്കിളിൽ നിന്ന് മനോഹരമായി കാണാൻ സാധിക്കും.ഇവിടെത്തെ സൂര്യാസ്തമനം വളരെ മനോഹരമാണ്.കോഴിക്കോട് നഗരത്തിൽ നിന്നും 12 കിലോമീറ്റർ അകലെയാണ് കാശ്മീർ കൊന്ന് സ്ഥിതിചെയ്യുന്നത്.വൈകുന്നേരങ്ങളിൽ കുടുംബത്തോടൊപ്പവും കൂട്ടുകാർക്കൊപ്പവും ചിലവഴിക്കാൻ അനുയോജ്യമാണിവിടെ. വിശാലമായ മൈതാനത്ത് ഫുട്ബോളും ക്രിക്കറ്റും കളിക്കാൻ നിരവധി വിദ്യാർത്ഥികളും ഇവിടെ വരാറുണ്ട്.സോഷ്യൽ മീഡിയയിലൂടെ പ്രദേശത്തിന്റെ ഫോട്ടോകൾ സാമൂഹ്യ മാധ്യമങ്ങൾ പ്രചരിപ്പിച്ചതോടെ സഞ്ചാരികൾ ഇവിടെ വരുന്നത് പതിവ് കാഴ്ചയായി മാറി.ഞായറാഴ്ചകളിൽ സഞ്ചാരികൾ വാഹനം താഴെ പാർക്ക് ചെയ്താണ് കാൽനടയായി കയറിവരുന്നത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥയിലാണ് ഇപ്പോൾ സ്ഥലം ഉള്ളത്.അനന്തമായ ടൂറിസം സാധ്യതകളുള്ള ഈ പ്രദേശത്തിന് പക്ഷേ അധികാരികൾ വേണ്ടത്ര ശ്രദ്ധ നൽകിയിട്ടില്ല ഫോട്ടോ കശ്മീർ കുന്നിൽ സഞ്ചാരികൾ സായാഹ്നം ആസ്വദിക്കുന്നു