കുന്ദമംഗലം : വിദഗ്ധരായ തൊഴിലാളികൾക്ക് മികച്ച വ്യവസായ മേഖലകളിൽ ജോലി ലഭ്യമാക്കുന്നതിന്റെ ഭാഗമായി കാരന്തൂർ മർകസ് ഐ.ടി.ഐയിൽ നിന്നും വിവിധ ട്രേഡുകളിൽ ഈ വർഷം പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് വേണ്ടി ക്യാമ്പസ് ഇൻറർവ്യൂ സംഘടിപ്പിച്ചു. മർകസ് രാജ്യത്തിനകത്തും പുറത്തും നടത്തിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തനങ്ങൾ എല്ലാ ജനവിഭാഗങ്ങൾക്കും അതിന്റെതായ ഗുണങ്ങൾ ലഭിച്ചു കൊണ്ടിരിക്കുകയാണെന്നും അതിനായി മർകസ് ക്യാമ്പസ് ഇന്റർവ്യു തൊഴിൽ മേളകൾ സംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വി.എം അബ്ദുൽ റഷീദ് സഖാഫി പ്രസ്താവിച്ചു. ചടങ്ങ് ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. ജില്ലാ എംപ്ലോയ്മെൻറ് ഓഫീസർ(വിജി) സജീഷ് പി.കെ മുഖ്യ അതിഥി ആയിരുന്നു. ഐ.ടി.ഐ പ്രിൻസിപ്പൽ എൻ.മുഹമ്മദലി അധ്യക്ഷത വഹിച്ചു. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അഷ്റഫ് കാരന്തൂർ, വൈസ് പ്രിൻസിപ്പൽ അബ്ദുറഹിമാൻകുട്ടി, മോറൽ ഇൻസ്ട്രക്ടർ അബ്ദുൽ അസീസ് സഖാഫി തുടങ്ങിയവർ പ്രസംഗിച്ചു. ഓട്ടോമൊബൈൽ, ഡീസൽ മെക്കാനിക്, എയർ കണ്ടീഷനിംഗ്, സിവിൽ എഞ്ചിനീയറിംഗ്, വയർമാൻ, ഇലക്ട്രിക്കൽ എഞ്ചിനിയറിംഗ്, ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ്, ഇൻഫർമേഷൻ ടെക്നോളജി എന്നീ ട്രേഡുകളിൽ നിന്നായി 300 ഓളം ഉദ്യോഗാർത്ഥികൾ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. വിവിധ മേഖലകളിലെ ഇരുപതിപ്പരം പ്രശസ്ത കമ്പനികൾ ഉദ്യോഗാർത്ഥികളെ തേടിയെത്തി. പങ്കെടുത്തവരിൽ ഭൂരിഭാഗം പേർക്കും ഉടനെ തൊഴിൽ ലഭ്യമാകും എന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.