ചാത്തമംഗലം : പുതിയ അധ്യായന വർഷം ആരംഭിക്കാനിരിക്കെ ആയിരത്തിലധികം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി ചാത്തമംഗലം എം.ഇ.എസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസസിലെ എൻഎസ്എസ് വളണ്ടിയർമാർ. എജു വിഷൻ എന്ന പേരിലാണ് പഠനോപകരണങ്ങൾ കൈമാറിയത്. ചാത്ത വംഗലം പഞ്ചായത്ത് , മുക്കം മുൻസിപ്പാലിറ്റി, നിലമ്പൂർ, വയനാട്, കോടഞ്ചേരി എന്നീ പ്രദേശങ്ങളിലെ മിടുക്കരും നിർധനരുമായ ആയിരം വിദ്യാർത്ഥികളാണ് പദ്ധതിയുടെ ഭാഗമായത്. പാഴ് വസ്തുക്കൾ ശേഖരിച്ചും മറ്റുമാണ് വിദ്യാർത്ഥികൾ പദ്ധതി വിജയിപ്പിക്കുന്നതിന് ആവശ്യമായ ഭീമമായ തുക കണ്ടെത്തിയത്. എജു വിഷൻ പദ്ധതിയുടെ വിതരണ ഉദ്ഘാടനം കോളേജിൽ വെച്ച് സംസ്ഥാന എൻഎസ്എസ് ഓഫീസർ ഡോക്ടർ അൻസർ ആർ. എൻ നിർവഹിച്ചു. പ്രയാസപ്പെടുന്നവരെ കണ്ടെത്തി സഹായിക്കുന്നതിൽ എം.ഇ. എസ് കോളേജിലെ എൻ.എസ്.എസ് വളണ്ടിയർമാർ എന്നും മുന്നിലാണ്. ഇത്തരം പ്രവർത്തനങ്ങൾ സംസ്ഥാനത്തെ മറ്റ് യൂണിറ്റുകൾക്ക് കൂടി പ്രചോദനമാകുന്നവയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു . കോളേജ് പ്രിൻസിപ്പാൾ ഷഫീഖ് ആലത്തൂർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എം.ഇ.എസ് കോളേജ് മാനേജ്മെൻ്റ് കമ്മറ്റി ചെയർമാൻ പി.പി. അബ്ദുള്ള കുട്ടി മുഖ്യഥിതിയായിരുന്നു. നിലമ്പൂർ നഗരസഭാ കൗൺസിലർ നാജിയ ഷാനവാസ്, വൈസ് പ്രിൻസിപ്പാൾ ഇ. അബ്ദു റസാഖ്, മൃദുല. എം , യൂണിറ്റ് പ്രോഗ്രാം ഓഫീസർമാരായ ഷാഫി പുൽപ്പാറ , അത്ഹർ നസീം എന്നിവർ സംസാരിച്ചു. വളണ്ടിയർ സെക്രട്ടറിമാരായ ആദിൽ മുബാറക്ക്, റിഫ മറിയം, മിസ്ഹബ് എസ്.പി , ഹഫ്റ ഷാബിത്ത് ,എന്നിവർ നേതൃത്വം നൽകി.