കട്ടാങ്ങൽ : ചൂലൂര്‍ എം വി ആര്‍ കാന്‍സര്‍ സെന്ററിന്നടുത്ത് പ്രവര്‍ത്തിച്ചു വരുന്ന സി എച്ച് സെന്ററില്‍ നിന്ന് പരിസര വാസികള്‍ക്കും നാട്ടുകാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കും വിധം തോട്ടിലേക്കും വയലിലേക്കും മാലിന്യം ഒഴുക്കി വിടുന്നുവെന്ന തരത്തില്‍ ദേശാഭിമാനി പത്രത്തില്‍ വന്ന വാര്‍ത്ത പൊതു സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുന്ന വാസ്തവ വിരുദ്ധ വാർത്തയാണെന്ന് സെന്റര്‍ പ്രസിഡന്റ് ഇ. ടി മുഹമ്മദ് ബഷീര്‍ എം പി, ജനറല്‍ സെക്രട്ടറി കെ. എ ഖാദര്‍ മാസ്റ്റര്‍, ട്രഷറര്‍ പി. പി മൊയ്തീന്‍ ഹാജി എന്നിവര്‍ വാര്‍ത്ത കുറിപ്പിൽ അറിയിച്ചു.
വെള്ളലശ്ശേരിയിലെ ഒരു സി പി എം പ്രവര്‍ത്തകന്‍ കുന്ദമംഗലം പൊലീസിൽ നല്‍കിയ രാഷ്ട്രീയ പ്രേരിതമായ കള്ള പരാതിയുടെ മറവില്‍ പൊലീസ് തയാറാക്കിയ എഫ് ഐ ആർ റദ്ദാക്കണമെന്നും കള്ളക്കേസിനു കൂട്ടു നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് സെന്റര്‍ പരാതി സമര്‍പ്പിച്ചിട്ടുണ്ട്.
കാന്‍സര്‍ ചികിത്സ രംഗത്ത് ദക്ഷിണേന്ത്യയില്‍ തന്നെ മികച്ചു നില്‍കുന്ന ആശുപത്രിയാണ് എം വി ആര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്. ഗ്രാമീണ മേഖലയിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തിന് അകത്തും പുറത്തും നിന്ന് നൂറുക്കണക്കിന് രോഗികള്‍ എം വി ആർ ആശുപത്രിയിലേക്ക് ചികിത്സക്കായി എത്തുന്നുണ്ട്. ദൂരെ ദിക്കുകളില്‍ നിന്നു വരുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും മതിയായ യാത്ര സൗകര്യമോ താമസ സൗകര്യമോ ഇവിടെയില്ല. ഈയൊരു സാഹചര്യത്തിൽ പ്രവർത്തനം തുടങ്ങിയ സ്ഥാപനമാണ് ചൂലൂർ സി എച് സെന്റര്‍. 45 രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും താമസ സൗകര്യം, അഞ്ചു നേരം ഭക്ഷണം, യാത്രാ സൗകര്യം എന്നിവ സൗജന്യമായാണ് നൽകുന്നത്. ജാതി മത ശുപാർശാ പരിഗണനകളില്ലാതെ 125 ല്‍ കൂടുതല്‍ പേര്‍ക്ക് നിത്യവും സൗജന്യ സേവനം ലഭ്യമാക്കുന്ന സ്ഥാപനത്തെയാണ് രാഷ്ട്രീയ വിരോധം വെച്ച് കളങ്കപ്പെടുത്താൻ ശ്രമിക്കുന്നതെന്ന് ഭാരവാഹികൾ ചൂണ്ടിക്കട്ടി.
രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിധേയമായിട്ടാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. കക്കൂസ്- അടുക്കള മാലിന്യങ്ങൾ സൂക്ഷിക്കാനും സംസ്‌കരിക്കാനും ആധുനിക സംവിധാനങ്ങള്‍ ഇവിടെയുണ്ട്. ഇത്തരത്തില്‍ സുതാര്യതയോടെ പ്രവര്‍ത്തിക്കുന്ന, സേവന കേന്ദ്രത്തിനെതിരെയാണ് കള്ളക്കേസും തെറ്റായ വാർത്തയും നൽകിയിരിക്കുന്നത്. മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കുന്ന യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ സെന്റര്‍ പ്രസിഡന്റ് ഇ. ടി മുഹമ്മദ് ബഷീറിനെ ഇകഴ്ത്തിക്കാട്ടുകയാണ് പരാതിക്കാരന്റെ ലക്ഷ്യമെ
ന്നും ഭാരവാഹികള്‍ പറഞ്ഞു.