കുന്ദമംഗലം : നവ കേരള സദസിനോട് അനുബന്ധി ച്ചുള്ള കുന്ദമംഗലം മണ്ഡലത്തിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി സ്ഥലം എം.എൽ.എ പിടിഎ റഹീം വിളിച്ചു ചേർത്ത വാർത്താ സമ്മേളന ത്തിൽഅറിയിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന കുന്ദമംഗലം മണ്ഡലത്തിലെ നവകേരള സദസിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടേയും സാന്നിധ്യത്തില്‍ നടക്കുന്ന പ്രഭാത യോഗം ചാത്തമംഗലം, ഓമശ്ശേരി പഞ്ചായത്തുകളുടെ അതിര്‍ത്തിയിലുള്ള സ്നേഹതീരം ഓഡിറ്റോറിയത്തില്‍ വെച്ച് നാളെ (26-11-2023) രാവിലെ 8-30 മണിക്ക് നടക്കും. വിവിധ മേഖലകളില്‍ ശ്രദ്ധേയരായ 50 പേരാണ് കുന്ദമംഗലം മണ്ഡലത്തില്‍ നിന്നും ഈ യോഗത്തില്‍ സംബന്ധിക്കുന്നത്.
അയ്യായിരം പേര്‍ക്ക് ഇരിക്കാനുള്ള സംവിധാനവും 40 പേര്‍ക്കുള്ള സ്റ്റേജും 30 അടി നീളത്തില്‍ വീഡിയോ വാളും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് കുന്ദമംഗലം ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഒരുക്കിയ പന്തലില്‍ സജ്ജീകരിച്ചിട്ടുള്ളത്. പന്തലിന് പുറത്ത് അയ്യായിരത്തിലേറെ പേര്‍ക്ക് പരിപാടി വീക്ഷിക്കുന്നതിന് അഞ്ച് എല്‍.ഇ.ഡി വാളുകളും തയ്യാറാക്കിയിട്ടുണ്ട്. നവംബര്‍ 26 ഞായറാഴ്ച വൈകീട്ട് 3 മണിക്ക് സ്വാഗത നൃത്തത്തോട് കൂടി ആരംഭിക്കുന്ന നവകേരള സദസില്‍ നാടന്‍പാട്ട്, കളരിപയറ്റ് തുടങ്ങിയ കലാപരിപാടികളും അരങ്ങേറും. പി.ടി.എ റഹീം എം.എല്‍.എ അദ്ധ്യക്ഷത വഹിക്കുന്ന ഔദ്യോഗിക പരിപാടിയില്‍ എ.ഡി.എം സി മുഹമ്മദ് റഫീഖ് സ്വാഗതം പറയും. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പുറമെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍ എന്നിവര്‍ക്കുള്ള സീറ്റുകളാണ് സ്റ്റേജില്‍ സംവിധാനിച്ചിട്ടുള്ളത്. ശിങ്കാരമമേളത്തിന്‍റെ അകമ്പടിയോടെയാണ് മുഖ്യമന്ത്രിയേയും മന്ത്രിമാരേയും സ്റ്റേജിലേക്ക് ആനയിക്കുന്നത്.
പൊതുജനങ്ങളില്‍ നിന്നും പരാതികള്‍ സ്വീകരിക്കുന്നതിന് 25 കൗണ്ടറുകളാണ് തയ്യാറാക്കിയിട്ടുള്ളത്. ഇവയില്‍ ഭിന്നശേഷി വിഭാഗം, സീനിയര്‍ സിറ്റിസണ്‍, സ്ത്രീകള്‍ എന്നിവര്‍ക്കായി 8 കൗണ്ടറുകളും പൊതുവിഭാഗത്തിന് 17 കൗണ്ടറുകളുമാണ് ഉണ്ടാവുക. പന്തലിന്‍റെ രണ്ട് ഭാഗങ്ങളിലായി തയ്യാറാക്കിയ എല്ലാ കൗണ്ടറുകളിലും മുഴുവന്‍ വകുപ്പുകളിലേക്കുമുള്ള പരാതികള്‍ സ്വീകരിച്ച് റസീറ്റ് നല്‍കും. ഇവയില്‍ കാണിച്ച ടോക്കണ്‍ നമ്പര്‍ ഉപയോഗിച്ച് നിവേദനങ്ങളുടെ മേല്‍ എടുത്ത നടപടികള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ ഓരോര്‍ത്തര്‍ക്കും പരിശോധിക്കാവുന്നതാണ്. 2 മണിക്ക് ആരംഭിക്കുന്ന കൗണ്ടറിന്‍റെ പ്രവര്‍ത്തനം മുഖ്യമന്ത്രിയും മന്ത്രിമാരുമടങ്ങിയ നവകേരള സദസ് ഔദ്യോഗികമായി ആരംഭിക്കുന്നതോടെ നിര്‍ത്തിവെക്കും. പിന്നീട് മന്ത്രിതല സദസ് തീര്‍ന്നശേഷം മുഴുവന്‍ പേരുടേയും പരാതികള്‍ വാങ്ങി ടോക്കണ്‍ നമ്പര്‍ നല്‍കിയ ശേഷം മാത്രമേ കൗണ്ടറുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയുള്ളു.
ഫയര്‍ഫോഴ്സ്, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കൊപ്പം പരിപാടിക്ക് എത്തുന്നവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് പോലീസ്, എസ്.പി.സി, സന്നദ്ധ പ്രവര്‍ത്തകള്‍ തുടങ്ങിയവരടങ്ങിയ വളണ്ടിയര്‍സേനയും പ്രത്യേക ഹെല്‍പ് ഡെസ്കും ഉണ്ടായിരിക്കും. പരിപാടിക്ക് ശേഷം ഹരിതകര്‍മ്മസേനയുടെ നേതൃത്വത്തില്‍ ശുചീകരണം നടത്തുന്നതിനും സംവിധാനമൊരുക്കിയിട്ടുണ്ട്. പരിപാടിക്ക് എത്തുന്നവരുടെ വാഹനങ്ങള്‍ ആളുകളെ ഗ്രൗണ്ടിന് സമീപം ഇറക്കിയശേഷം വിവിധ ഭാഗങ്ങളിലായി ഒരുക്കിയ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യണം.
നവകേരളസദസിന്‍റെ പ്രചരണത്തിന്‍റെ ഭാഗമായി എല്ലാ പഞ്ചായത്തുതലങ്ങളിലും മണ്ഡലാടിസ്ഥാനത്തിലും വിളംബരജാഥകള്‍ നടത്തുകയും കാവ്യസന്ധ്യ, പ്രദര്‍ശന വോളിബോള്‍ മത്സരം, മോണിംഗ് വാക്ക്, നൂറ് മീറ്റര്‍ ബാനറില്‍ മണ്ഡലത്തിലെ ചിത്രകാരന്മാര്‍ അണിനിരക്കുന്ന കൂട്ടവര, യോഗഷോ, ഫ്ളാഷ്മോബ്, കലാഭവന്‍ ടീം ഒരുക്കിയ കലാജാഥ, നാടന്‍പാട്ട് മേള, ബൈക്ക് റാലി, വിദ്യാര്‍ത്ഥി യുവജന കൂട്ടായ്മയുടെ സൈക്കിള്‍ റാലി, എല്ലാ പഞ്ചായത്തുകളിലും അനൗണ്‍സ്മെന്‍റ്, സണ്‍പേക്ക് ഉള്‍പ്പെടെയുള്ള പ്രചരണ ബോര്‍ഡുകള്‍, കമാനങ്ങള്‍, വീഡിയോകള്‍ തുടങ്ങിയവക്ക് പുറമെ എല്ലാ വീടുകളിലും മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന കത്തും സര്‍ക്കാരിന്‍റെ വികസന രേഖയും ഉദ്യോഗസ്ഥരും പൊതുപ്രവര്‍ത്തകരും എത്തിച്ചു നല്‍കുകയും ചെയ്തിട്ടുണ്ട്.
പത്രസമ്മേളനത്തിൽ
പി.ടി.എ റഹീം എം.എൽ.എ
എ.ഡി.എം. സി മുഹമ്മദ് റഫീഖ്
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ലിജി പുൽകുന്നുമ്മൽ, ഓളിക്കൽ അബ്ദുൽ ഗഫൂർ, ഷാജി പുത്തലത്ത്,ഒളവണ്ണ പഞ്ചായത്ത് പ്രസിഡണ്ട് പി ശാരുതി
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി അനിൽ കുമാർ,
ജില്ലാ പഞ്ചായത്ത് മെമ്പർ സുധ കമ്പളത്ത്, സംഘാടക സമിതി ട്രഷറർ പി ഷൈപ്പു.തുടങ്ങിയവർ പങ്കെടുത്തു