കുന്ദമംഗലം : ഗ്രാമപഞ്ചായത്തിലെ പൊതു ഗതാഗത സംവിധാനങ്ങളെ ആധുനിക വൽക്കരിക്കുന്നതിന്റ ഭാഗമായി ബസ്റ്റാന്റിൽ ഗ്രാമപഞ്ചായത്ത് തൽസമയ ബസ് വിവര ഡിജിറ്റൽ ഡിസ്പ്ലേ ബോർഡ് സ്ഥാപിച്ചു. ഗ്രാമപഞ്ചായത്തിനെ ഡിജിറ്റൽ വൽക്കരിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ബസ് ട്രാൻസിറ്റ് സൊല്യൂഷൻസിന്റെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ബസ്റ്റാന്റിലൂടെ കടന്നുപോകുന്ന ബസുകൾ സ്റ്റാന്റിലെത്തുന്നതും പുറപ്പെടുന്നതുമായ സമയം കൃത്യമായി യാത്രക്കാർക്ക് ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ബസ് സ്റ്റാൻ്റിൽ സ്ഥാപിച്ച മോണിറ്റർ വഴി അറിയാൻ സാധിക്കും. കൂടുതൽ ബസുകൾ സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിക്കുന്ന മുറയ്ക്ക് ബസുകളുടെ തൽസമയ വിവരങ്ങളും അനൗൺസ്മെന്റുകളും ഡിസ്പ്ലേ ബോർഡ് വഴി പൂർണമായും ലഭ്യമാവും. സാധാരണക്കാരുടെ ആശ്രയമായ ബസ് സർവിസുകൾ കൂടുതൽ ജനകീയമാക്കുകയും ബസ് സമയത്തെക്കുറിച്ചുള്ള അനിശ്ചിതാവസ്ഥകൾ ഒഴിവാക്കി ജനങ്ങളെ പൊതു ഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുക എന്നതാണ് പദ്ധതി കൊണ്ട് ഗ്രാമപഞ്ചായത്ത് ലക്ഷ്യമിടുന്നത്. മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് കേരളത്തിലെ ഏത് ബസ്റ്റോപ്പുകളിലേയും ബസ് സമയം അറിയാനും സംവിധാനമുണ്ട്. ബസ് റൂട്ട്, ട്രിപ്പ് സ്റ്റാറ്റസ്, ബസ് റിമൈൻഡർ, ട്രിപ്പ് പ്ലാനർ എന്നിവയും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് വി. അനിൽകുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അധ്യക്ഷൻമാരായ ചന്ദ്രൻ തിരുവലത്ത്, ഷബ്ന റഷീദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി. കൗലത്ത്, കെ. സുരേഷ് ബാബു, നജീബ് പാലക്കൽ, സിറ്റി ട്രാഫിക് എൻഫോഴ്സ്മെൻ്റ് എസ്.ഐ മനോജ് ബാബു, കുന്നമംഗലം ബസ് ഓണേഴ്സ് അസോസിയേഷൻ സെക്രട്ടറി ബിജു, ബസ് ട്രാൻസിറ്റ് സൊല്യൂഷൻസ് പി.ആർ.ഒ ആഷിഖ് അലി ഇബ്രാഹിം സംസാരിച്ചു.