നോമ്പു കാലത്തേ പഴയ ഓർമ്മകൾ അയവിറക്കി മുൻ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് കിളിമുണ്ട നോമ്പുകാലമായാൽ ഓർമ്മയിലേക്ക് ഓടിയെത്തുന്ന ഒരു നോമ്പുതുറയുണ്ടു്. പുയ്യാപ്ളസൽക്കാരം പുയ്യാപ്ള പുതിയതായാലും പഴതായാലും കേമമായിരിക്കും – അതു് നോമ്പുതുറയാകുമ്പോൾ പറയുകയും വേണ്ട – നോമ്പുതുറക്കു് പുയ്യാപ്ളപോകുമ്പോൾ കൂടെ ചങ്ങാതിമാരുമുണ്ടാകും -പഴക്കത്തിനനുസരിച്ച് ചങ്ങാതിമാരുടെ എണ്ണം കുറയും. അരീക്കുഴിയിൽ കോയസ്സൻക്കാ കല്ല്യാണം കഴിച്ചത് കുറ്റിക്കാട്ടൂരിൽ നിന്നാണ്.ഒരു നോമ്പുതുറക്ക് ചങ്ങാതിമാരായി പോവാൻ അവസരം കിട്ടിയതു് എനിക്കും സുഹൃത്തും സഹപാഠിയുമായ തോട്ടും പുറത്തു് ഖാദറിനും.നാലു മണിക്ക് സ്കൂൾ വിട്ടു് ഞങ്ങൾ രണ്ടു പേരും റഡിയായി – കോയസ്സൻക്കായോടൊപ്പം കുറ്റിക്കാട്ടൂരിലേക്ക് യാത്രയായി.കാൽനട യാത്ര. വയൽ വരമ്പുകളിലൂടെയുള്ള നടത്തം പ്രയാസകരമായിരുന്നെങ്കിലും അതൊന്നും അത്ര കാര്യമാക്കിയില്ല.5 കിലോമീറ്ററോളം ദൂരം യാത്ര ചെയ്തു വീട്ടിലെത്തിയപ്പോൾ നോമ്പുതുറക്കാൻ സമയമായിരുന്നു. തരിക്കഞ്ഞിയുടേയും പലവിധ പലഹാരങ്ങളുടേയും അകമ്പടിയോടെ നാടൻ കോഴിക്കറിയും, ബീഫ് വരട്ടിയതും, പത്തിരിയും പൂളക്കറിയും — നോമ്പുതുറ കഴിഞ്ഞ് പള്ളിയിൽ പോയി നിസ്ക്കാരം — അതിന് ശേഷം വീണ്ടും വീട്ടിലേക്ക് തന്നെ വരണം അത്തായത്തിനു മുമ്പായി മുത്തായം — നിർബന്ധത്തിന് വഴങ്ങി, വീണ്ടും വീട്ടിലെത്തി വിഭവ സമൃദ്ധമായ മുത്തായം — നെയ്ച്ചോറും ചിക്കനും ബീഫും എല്ലാം പുതിയ രൂപത്തിൽ പുതിയ ഭാവത്തിൽ – പുറമെ അലീസ്സയും,പൂവൻപഴവും —-എല്ലാം കഴിഞ്ഞ് രാത്രി പത്ത് മണിയോടെ കുന്ദമംഗലത്തേക്കു് പാടവരമ്പത്ത് കൂടിയുള്ള മടക്കയാത്ര. കൂരിരുട്ടിന് അൽപ്പം ആശ്വാസം പകരാൻ കോയസ്സൻക്കാ അരയിൽ കരുതിയിരുന്ന എവറഡി ടോർച്ച്. ഇത് പഴയ കഥ – കോയസ്സൻക്കാ തുടങ്ങി വെച്ച പുയ്യാപ്ള നോമ്പു് തുറ സൽക്കാരം സജീവമായി ഇന്നും തുടർന്നു പോകുന്നു. അടുത്ത സുഹൃത്തുംഅദ്ദേഹത്തിൻ്റെ മകനുമായ അരീക്കുഴിയിയിൽ ഇസ്മായിലിൻ്റെ കൂടെ – കുറ്റിക്കാട്ടൂരിലേക്ക് പിതാവിൻ്റെ കൂടെ കാൽനടയാത്രയായിരുന്നെങ്കിൽ ,ഇന്ന് മകൻ്റെ കൂടെ അവൻ്റെ ഭാര്യ വീടായ ഈങ്ങാമ്പുഴയിലേക്കു് കാർ യാത്രയാണെന്ന് മാത്രം