കുന്ദമംഗലം: ജനങ്ങൾക്ക് ഏറ്റവും മികച്ച ആരോഗ്യ സേവനങ്ങളാണ് സർക്കാർ ലഭ്യമാക്കുന്നതെന്ന് വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആരോഗ്യമുള്ള ജനങ്ങളിലൂടെ ആരോഗ്യ കേരളത്തെ വാർത്തെടുക്കുകയും നവ കേരളം സൃഷ്ടിക്കുകയുമാണ് സർക്കാരിന്റെ ലക്ഷ്യം. അതിനുവേണ്ട പ്രവർത്തനങ്ങളാണ് നടപ്പാക്കിവരുന്നത്. പൊതുജനാരോഗ്യ കേന്ദ്രങ്ങൾ മികവുറ്റതും ഉന്നത നിലവാരത്തിലേക്ക് ഉയരുകയും ചെയ്തുവെന്നും മന്ത്രി പറഞ്ഞു. കുന്ദമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ പി.ടി.എ. റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു.
വിവിധ രോഗനിർണയ പരിശോധനാ ക്യാമ്പുകൾ, ആരോഗ്യസംബന്ധമായ പ്രദർശനങ്ങൾ സംബന്ധിച്ച സെമിനാറുകളും ക്ലാസുകളും, എച്ച്.ഐ.വി, എയ്ഡ്‌സ് ബോധവത്കരണം, അനുയാത്ര ക്ലിനിക്, ജീവിതശൈലി രോഗനിർണയ ക്ലിനിക്, യോഗ, സൗജന്യ രക്‌തഗ്രൂപ്പ് നിർണയം, ജീവതാളം സ്റ്റാൾ, അലോപ്പതി, ഹോമിയോപ്പതി, ആയുർവേദം, യുനാനി മെഡിക്കൽ ക്യാമ്പുകൾ, സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ്, കാരുണ്യ ഇൻഷുറൻസ് പദ്ധതി കിയോസ്ക്, കോവിഡ് വാക്സിനേഷൻ, ആരോഗ്യ പ്രദർശന സ്റ്റാളുകൾ എന്നീ സേവനങ്ങൾ മേളയിൽ ലഭ്യമാക്കിയിട്ടുണ്ട്. ഫയർ ആൻഡ് സേഫ്റ്റി, എക്സൈസ്, ഫുഡ് സേഫ്റ്റി, ഐ.സി.ഡി.എസ്, കൃഷി, കുടുംബശ്രീ വകുപ്പുകളുടെ പ്രദർശനങ്ങളും മേളയിലുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി, ബ്ലോക്ക് വൈസ് പ്രസിഡന്റ് മുംതാസ് ഹമീദ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ലിജി പുൽക്കുന്നുമ്മൽ, സുഹറാബി, ഓളിക്കൽ ഗഫൂർ, സ്മിത, എ. സരിത, ഖാലിദ്കിളിമുണ്ട,എം.കെ.മോഹൻദാസ്,സിബ്ഗത്തുള്ള, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങൾ, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.