- വിദ്യാഭ്യാസ സ്ഥാപന ബസ് എന്നാൽ കോളേജ് /സ്കൂൾ അല്ലെങ്കിൽ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ളതും സ്ഥാപനത്തിന്റെ ഏതെങ്കിലും പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളെയോ ജീവനക്കാരെയോ കൊണ്ടുപോകുന്നതിന് മാത്രമായി ഉപയോഗിക്കുന്ന ഒരു ഓമ്‌നി ബസ് (8 സീറ്റുകളും അതിൽ കൂടുതലും) എന്നാണ് അർത്ഥമാക്കുന്നത്. [MV ആക്ട് 1988-S 2 (11)].
- ഇത്തരം വാഹനങ്ങളുടെ മുൻപിലും പുറകിലും എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂഷൻ ബസ്സ് (EIB) എന്ന് വ്യക്തമായി പ്രദർശിപ്പിക്കണം.
- സ്ഥാപനത്തിൻറെ ഉടമസ്ഥതയിൽ അല്ലാത്തതും കുട്ടികളെ കൊണ്ടുപോകാൻ ഉപയോഗിക്കുന്നതുമായ മറ്റ് ട്രാൻസ്പോർട്ട് വാഹനങ്ങൾ ആണെങ്കിൽ വെള്ള പ്രതലത്തിൽ നീല അക്ഷരത്തിൽ ”ON SCHOOL DUTY” എന്ന ബോർഡ് പ്രദർശിപ്പിക്കണം.
- സ്കൂൾ മേഖലയിൽ പരമാവധി മണിക്കൂറിൽ 30 കിലോമീറ്ററും മറ്റ് റോഡുകളിൽ പരമാവധി 50 കിലോമീറ്ററുമായി വേഗത നിജപ്പെടുത്തിയിരിക്കുന്നു.
- സ്കൂൾ വാഹനം ഓടിക്കുന്ന ഡ്രൈവർക്ക് കുറഞ്ഞത് പത്തു വർഷത്തെയെങ്കിലും ഡ്രൈവിംഗ് പരിചയം വേണം ഹെവി വാഹനങ്ങൾ ഓടിക്കുന്നവർക്ക് അഞ്ചു വർഷത്തെ പരിചയം ഹെവി വാഹനങ്ങൾ ഓടിക്കുന്നതിൽ ആവശ്യമാണ് .
- സ്കൂൾ വാഹനങ്ങൾ(EIB) ഓടിക്കുന്നവർ വൈറ്റ് കളർ ഷർട്ടും കറുപ്പ് കളർ പാൻറും കൂടാതെ ഐഡൻറിറ്റി കാർഡും ധരിച്ചിരിക്കണം(C1/e117858/TC/2019 dt.06/03/2020). കുട്ടികളെ കൊണ്ട് പോകുന്ന മറ്റ് പബ്ലിക് സർവീസ് വാഹനത്തിൽ ഡ്രൈവർ കാക്കി കളർ യൂണിഫോം ധരിക്കേണ്ടതാണ്.
- സ്കൂൾ വാഹനത്തിന്റെ ഡ്രൈവറായി നിയോഗിക്കപ്പെടുന്നവർ മദ്യപിച്ച് വാഹനമോടിച്ചതിനോ അമിതവേഗതക്കോ അപകടകരമായി വാഹനമോടിക്കുന്നതിനോ മറ്റ് കുറ്റകൃത്യങ്ങൾക്കോ ശിക്ഷിക്കപ്പെട്ടവരായിരിക്കരുത് എന്നത് ബന്ധപ്പെട്ടവർ ഉറപ്പ് വരുത്തണം.
- സ്കൂൾ വാഹനങ്ങളിൽ പരമാവധി 50 കിലോമീറ്ററിൽ വേഗത നിജപ്പെടുത്തിയിട്ടുള്ള സ്പീഡ് ഗവർണറുകൾ ഘടിപ്പിക്കേണ്ടതാണ്.
- GPS. സംവിധാനം സ്കൂൾ വാഹനങ്ങളിൽ ഘടിപ്പിക്കേണ്ടതും ആയത് “Suraksha Mithra” സോഫ്റ്റ്‌വെയറുമായി ടാഗ് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതുമാണ്.
- സ്കൂൾ തുറക്കുന്നതിനു മുൻപ് തന്നെ വാഹനത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഫിറ്റ്നസ് പരിശോധനക്ക് ഹാജരാക്കേണ്ടതാണ്.
- നേരത്തെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നേടിയിട്ടുള്ള വാഹനങ്ങൾ സ്കൂൾ തുറക്കുന്നതിനു മുൻപായി തന്നെ മറ്റ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി യാന്ത്രിക പരിശോധന (Refer Annexure 1) സ്കൂൾ തലത്തിലും മോട്ടോർ വാഹന വകുപ്പ് നടത്തുന്ന EIB പരിശോധന ക്യാമ്പുകളിലും ഹാജരാക്കി പരിശോധന സ്റ്റിക്കർ പതിക്കേണ്ടതാണ് ( Aneexure 2)
- വാതിലുകളുടെ എണ്ണത്തിന് തുല്യമായ ഡോർ അറ്റൻഡർമാർ (ആയമാർ ) എല്ലാ സ്കൂൾ ബസ്സിലും ഉണ്ടായിരിക്കണം.
- സീറ്റിംഗ് കപ്പാസിറ്റി അനുസരിച്ച് മാത്രമേ വാഹനത്തിൽ കുട്ടികളെ യാത്ര ചെയ്യാൻ അനുവദിക്കാവൂ . എന്നാൽ 12 വയസ്സിന് താഴെ പ്രായമുള്ള കുട്ടികൾ ആണെങ്കിൽ ഒരു സീറ്റിൽ രണ്ടു പേർക്ക് യാത്ര ചെയ്യാൻ അനുവദിക്കാവുന്നതാണ് (KMVR 221).
യാതൊരു കാരണവശാലും കുട്ടികളെ നിന്ന് യാത്ര ചെയ്യുവാൻ അനുവദിക്കരുത്. - ഓരോ ട്രിപ്പിലും യാത്ര ചെയ്യുന്ന കുട്ടികളുടെ പേര് , ക്ലാസ് , അഡ്രസ്സ് ബോർഡിംഗ് പോയിൻറ് , രക്ഷിതാറിന്റെ പേര് അഡ്രസ്, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തിയ ലിസ്റ്റ് ലാമിനേറ്റ് ചെയ്ത് വാഹനത്തിൽ പ്രദർശിപ്പിക്കേണ്ടതാണ്.
- വാഹനത്തിന്റെ പുറകിൽ വാഹനത്തിന്റെ സീറ്റിംഗ് കപ്പാസിറ്റി രേഖപ്പെടുത്തേണ്ടതാണ്.
- ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിലും പ്രസ്തുത വിദ്യാലയത്തിലെത്തിച്ചേരുന്ന എല്ലാ കുട്ടികളുടെയും യാത്ര മാർഗ്ഗങ്ങൾ സംബധിച്ചുള്ള കാര്യങ്ങൾ രേഖപ്പെടുത്തിയ രജിസ്റ്റർ സൂക്ഷിക്കേണ്ടതും ആയത് മോട്ടോർ വാഹന വകുപ്പ് /പോലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ പരിശോധനാ സമയത്ത് ഹാജരാക്കുകയും വേണം.
- ഡോറുകൾ ലോക്കുകളും ജനലുകൾക്ക് ഷട്ടറുകളും ഉണ്ടായിരിക്കേണ്ടതാണ്. സ്കൂൾ വാഹനത്തിന് ഗോൾഡൻ മഞ്ഞ കളറും ജനലിന് താഴെ 150 mm വീതിയിൽ ബ്രൗൺ ബോർഡറും പെയിന്റ് ചെയ്യണം.
- പ്രഥമശുശ്രൂഷക്ക് അത്യാവശ്യമായ എല്ലാ മരുന്നുകളും ഉൾക്കൊള്ളുന്ന സുസജ്ജമായ ഫസ്റ്റ് എയ്ഡ് ബോക്സ് എല്ലാ സ്കൂൾ വാഹനത്തിലും സൂക്ഷിക്കേണ്ടതും ആയത് സ്കൂൾ അധികാരികൾ കാലാകാലങ്ങളിൽ പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുമാണ്.
- സ്കൂൾ വാഹനങ്ങളിൽ കുട്ടികൾ കയറുന്നതും ഇറങ്ങുന്നതും കൃത്യമായി കാണുന്ന രീതിയിലുള്ള Convex cross view Mirror ഉം വാഹനത്തിനകത്ത് കുട്ടികളെ പൂർണമായി ശ്രദ്ധിക്കാൻ പറ്റുന്ന രീതിയിലുള്ള parabolic റിയർവ്യൂ മിററും ഉണ്ടായിരിക്കണം.
- വാഹനത്തിനകത്ത് Fire extinguisher ഏവർക്കും കാണാവുന്ന രീതിയിലും അടിയന്തരഘട്ടങ്ങളിൽ എളുപ്പത്തിൽ എടുത്തു ഉപയോഗിക്കാവുന്ന രീതിയിലും ഘടിപ്പിച്ചിരിക്കുകയും ആയതിന്റെ പ്രവർത്തനക്ഷമത കാലാകാലങ്ങളിൽ സ്കൂൾ അധികാരികൾ പരിശോധിച്ച് ഉറപ്പ് വരുത്തുകയും ചെയ്യണം.
- വാഹനത്തിൻറെ ജനലുകളിൽ താഴെ ഭാഗത്ത് നീളത്തിൽ കമ്പികൾ (Side barrier) ഘടിപ്പിച്ചിരിക്കണം.
- കുട്ടികളുടെ ബാഗുകൾ കുട എന്നിവ സൂക്ഷിക്കുന്നതിനുള്ള റാക്കുകൾ വാഹനത്തിൽ ഉണ്ടായിരിക്കണം.
- കൂളിംഗ് ഫിലിം / കർട്ടൻ എന്നിവയുടെ ഉപയോഗം സ്കൂൾ വാഹനങ്ങളിൽ കർശനമായി ഒഴിവാക്കേണ്ടതാണ്.
- സേഫ്റ്റി ഗ്ലാസ് ഘടിപ്പിച്ചിട്ടുള്ള Emergency exit സംവിധാനം ഉണ്ടായിരിക്കേണ്ടതും “EMERGENCY EXIT” എന്ന് വെള്ള പ്രതലത്തിൽ ചുവന്ന അക്ഷരത്തിൽ രേഖപ്പെടുത്തിയിരിക്കും ചെയ്യണം.
24.ഓരോ വാഹനത്തിലും ഒരു അധ്യാപകനെയോ/ അനദ്ധ്യാപകനെയൊ റൂട്ട് ഓഫീസർ ആയി നിയോഗിക്കേണ്ടതും അയാൾ വാഹനത്തിന്റെ സുരക്ഷിതത്വമായ യാത്രക്കാവശ്യമായ കാര്യങ്ങൾ സദാ നിരീക്ഷിക്കുകയും ആവശ്യമായ നിർദ്ദേശങ്ങൾ വാഹനത്തിലെ ജീവനക്കാർക്കും ആവശ്യമെങ്കിൽ മാനേജ്മെൻറിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യണം.
- സ്കൂളിൻറെ പേരും ഫോൺ നമ്പറും വാഹനത്തിൻറെ ഇരുവശങ്ങളിലും പ്രദർശിപ്പിക്കണം
- വാഹനത്തിൻറെ പുറകിൽ ചൈൽഡ് ലൈൻ (1098) പോലീസ് (100) ആംബുലൻസ് (102) ഫയർഫോഴ്സ് (101), ബന്ധപ്പെട്ട മോട്ടോർവാഹനവകുപ്പ് ഓഫീസ്, സ്കൂൾ പ്രിൻസിപ്പാൾ എന്നിവരുടെ ഫോൺ നംപർ പ്രദർശിപ്പിക്കേണ്ടതാണ്.
- വാഹനത്തിന്റെ ഇടത് ഭാഗത്ത് പൊലൂഷൻ, ഇൻഷുറൻസ് ,ഫിറ്റ്നസ് എന്നിവയുടെ കാലാവധി രേഖപ്പെടുത്തേണ്ടതാണ്.
- സ്കൂൾ അധികാരികളോ പാരന്റ് /ടീച്ചേഴ്സ് പ്രതിനിധികളോ വാഹനത്തിലെ ജീവനക്കാരുടെ പെരുമാറ്റവും വാഹനത്തിൻറെ യാന്ത്രിക ക്ഷമതയും യാദൃശ്ചികമായി ഇടയ്ക്കിടെ പരിശോധിക്കേണ്ടതാണ്
- കുട്ടികൾ സുരക്ഷിതമായി ഇറങ്ങുകയും കയറുകയും ചെയ്ത് എ ഡോർ അടച്ചു എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രമേ വാഹനം മുൻപോട്ടു എടുക്കാവൂ.
- കുട്ടികളുടെ ഡ്രൈവിംഗ് സ്വഭാവ രീതികൾ രൂപീകരിക്കുന്നതിൽ സ്കൂൾ വാഹനത്തിലെ ഡ്രൈവർമാരുടെ പങ്കു വളരെ വലുതാണ് ആയതിനാൽ തന്നെ മാതൃകാപരമായി തന്നെ വാഹനങ്ങൾ ഓടിക്കുന്നു എന്ന് ഡ്രൈവർ ഉറപ്പുവരുത്തേകും മാതൃക ആകേണ്ടതുമാണ് . വെറ്റിലമുറുക്ക് ലഹരിവസ്തുക്കൾ ചവയ്ക്കൽ മദ്യപാനം തുടങ്ങിയ ദുശീലങ്ങൾ ഉള്ളവരെ യാതൊരു കാരണവശാലും ഡ്യൂട്ടിക്കായി നിയോഗിക്കരുത്.
- ചെറിയ കുട്ടികളെ കയറുന്നതിനും ഇറങ്ങുന്നതിനും ലഗേജ് എടുത്തു നൽകുന്നതിനും റോഡ് വാഹനത്തിന്റെ പുറകിൽ കൂടി മുറിച്ച് കടക്കുന്നതിനും ഡോർ അറ്റൻഡർ സഹായിക്കേണ്ടതാണ്.
- വാഹനം പുറകോട്ട് എടുക്കുന്നത് ഡോർ അറ്റൻഡറുടെ നേരിട്ടുള്ള നിരീക്ഷണത്തിന്റെയും നിർദ്ദേശത്തിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കണം.
- ക്യാംപസുകളിലും, ചുറ്റും കുട്ടികൾ കൂടിനിൽക്കുന്ന സന്ദർഭങ്ങളിലും വാഹനം പുറകോട്ട് എടുക്കുന്നത് കർശനമായി തടയേണ്ടതും മറ്റു വാഹനങ്ങളുടെ ഇടയിലൂടെയും മുറിച്ചുകടന്നും വാഹനത്തിൽ കയറുന്നത് ഒഴിവാക്കി സുരക്ഷിതമായ രീതിയിൽ വാഹനത്തിൽ കയറുന്നതിനും ഇറങ്ങുന്നതിനും ഉള്ള സംവിധാനം ഒരുക്കാൻ സ്കൂൾ അതോറിറ്റി നടപടി കൈക്കൊള്ളേണ്ടതാണ് .