കുന്ദമംഗലം:ലോകാരോഗ്യ ദിനത്തോട് അനുബന്ധിച്ച് മെഡിക്കൽ കോളേജിലെ ബേൺസ് ഐ സി യു വി ലേക്ക് പുതപ്പും വെള്ളമുണ്ടും ഫയലുകളും ബോർഡും റൂം ഫ്രഷ്നറുകളും നൽകി പെരിങ്ങളം ഗവ ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് വോളൻ്റിയർമാർ. മെഡിക്കൽ കോളേജ് – ബേൺസ് ഐ സി യു വിൽ നടന്ന ചടങ്ങിൽ വോളൻ്റിയർമാരുടെ സംഭാവന ഐ സി യു വിൻ്റെ ചുമതലയുള്ള ഹെഡ് നഴ്സ് മിനി ടി കെ ഏറ്റുവാങ്ങി. അനാഥരും മാനസികരോഗികളും വയനാട്ടിലെ ഗോത്രവിഭാഗങ്ങളിൽ നിന്നുള്ള രോഗികൾക്കും എത്തുമ്പോൾ പുതപ്പിൻ്റെയും വെള്ളമുണ്ടിൻ്റെയും കുറവ് ഉണ്ടന്ന് മനസ്സിലാക്കി വോളൻ്റിയർമാർ അവരുടെ പോക്കറ്റ് മണിയും അല്ലാതെ സ്വരൂപിച്ച സംഭാവനകളും ചേർത്ത് സഹായം എത്തിക്കുകയായിരുന്നു. ഒരിക്കൽ ഉപയോഗിച്ച പുതപ്പുകൾ വീണ്ടും ഉപയോഗിക്കാൻ പറ്റാത്ത പോലുള്ള പ്രത്യേക സാഹചര്യം നിലനിൽക്കുന്ന ഐസിയുവാണ് പൊള്ളലിൻ്റെ ഐ സി യു. അവിടെ എത്തുന്ന നിരാലംബരായ രോഗികൾക്ക് ഏറ്റവും ആവശ്യമുള്ള സാധനങ്ങൾ എത്തിച്ചു നൽകിയ എൻ എസ് എസ് യൂണിറ്റിന് ഐ സി യു സ്റ്റാഫ് പ്രത്യക നന്ദി അറിയിച്ചു.നഴ്സ്മാരായ ശ്രീരഞ്ചിനി,രാജശ്രീ, പ്രോഗ്രാം ഓഫീസർ രതിഷ് ആർ നായർ, വോളൻ്റിയർ ലീഡറുമാരായ മാളവിക ,ശോഭിത്ത് വളണ്ടിയർമാരായ ഷാഹിദ്, അർജുൻ, അനിരുദ്ധ്, അതുല്യ അനീന എന്നിവർ പങ്കെടുത്തു.