ഹബീബ്കാരന്തൂർ
കുന്ദമംഗലം:എൽപിജി വില ഉയർന്നു കൊണ്ടിരിക്കുകയും പാചകത്തിനു വേണ്ടിയുള്ള വൈദ്യുതിയുടെ ഉപയോഗം ലാഭകരമല്ലാതാകുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തിൽ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റിലെ (എൻഐടിസി) ഗവേഷകർ വികസിപ്പിച്ചെടുത്ത, സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ‘സ്മാർട്ട് സോളാർ സ്റ്റൗ’ ഏറെ പ്രതീക്ഷ നൽകുന്നു.
ഒരു മികച്ച ബദൽ പാചക സംവിധാനമായ “സ്മാർട്ട് സോളാർ സ്റ്റൗ” കോഴിക്കോട് എൻഐടി ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഗവേഷകർ വികസിപ്പിച്ച് വിജയകരമായി പരീക്ഷിച്ചു. വിവിധ ഉപഭോക്താക്കൾക്കുള്ള ശുദ്ധമായ പാചക സംവിധാനമാണിത്. എൻഐടിസി ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ എൻഐടിസി കാമ്പസിൽ ഉൽപ്പന്നം പുറത്തിറക്കി. ഈ സ്മാർട്ട് സോളാർ സ്റ്റൗ സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്നു, കൂടാതെ ഇത് പ്രവർത്തന ചിലവില്ലാത്തതും ഉപപോക്താക്കൾക്ക് എളുപ്പത്തിൽ ഉപയോഗിക്കാവുന്നതും ആണ് . കോഴിക്കോട് എൻഐടി ഇൻഡസ്ട്രിയൽ പവർ റിസർച്ച് ലബോറട്ടറികളിൽ ഉൽപ്പന്നത്തിൻ്റെ പ്രവർത്തനം വിലയിരുത്തി. പ്രായോഗിക സാധ്യത പരിശോധിക്കുന്നതിനായി വീടുകളിലും റോഡരികിലെ ഭക്ഷണശാലകളിലും (തട്ടുകട) വിവിധ സ്ഥലങ്ങളിൽ നടത്തിയ പരീക്ഷണത്തിൽ ഇത് മികച്ച രീതിയിൽ പ്രവർത്തിക്കുന്നു, ഇപ്പോൾ മിതമായ നിരക്കിൽ വിപണിയിൽ അവതരിപ്പിക്കാൻ തയ്യാറായിട്ടുണ്ട്.
സോളാർ സ്റ്റൗവിന്റെ 2 മോഡലുകൾ ഉണ്ട്. ആദ്യ മോഡലിൽ, സിംഗിൾ, ഡബിൾ സ്റ്റൗ ഉൽപ്പന്നങ്ങൾ വൈദ്യുത വിതരണമില്ലാതെ നേരിട്ട് സൂര്യനു കീഴിൽ ഉപയോഗിക്കാം. എൽപിജി-യെ ആശ്രയിക്കലും ദോഷകരമായ വാതക അന്തരീക്ഷവും ഒഴിവാക്കാം. ഇത് ഗാർഹിക പാചകത്തിന് അനുയോജ്യമാണ്. ഗാർഹിക ഉപയോഗത്തിനായി ഉൽപ്പന്നം വിജയകരമായി പരീക്ഷിച്ചു കഴിഞ്ഞു.
റോഡരികിലെ ഫുഡ് സ്റ്റാളുകൾക്ക് (തട്ടുകട), എല്ലാത്തരം പാചക ആവശ്യങ്ങൾക്കും ഈ ഉൽപ്പന്നം ഉപയോഗിക്കാം, തട്ടുകടയുടെ മേൽക്കൂരയ്ക്ക് മുകളിൽ സോളാർ പാനൽ സൂക്ഷിക്കുന്നു. വൈദ്യുതി ഇല്ലാത്ത സ്ഥലങ്ങളിൽ, ഈ ഉൽപ്പന്നത്തിന് മതിയായ പ്രകാശം ലഭിക്കുന്നതിന് ഒരു LED വിളക്ക് ബന്ധിപ്പിക്കുന്നതിനുള്ള ഒരു സംവിധാനവും ഉണ്ട്, അതുവഴി കച്ചവടക്കാർക്ക് രാത്രി സമയത്ത് അവരുടെ ബിസിനസ്സ് പ്രവർത്തന സമയം വർദ്ധിപ്പിക്കാൻ കഴിയും.
യാത്രക്കാർക്കും ഈ ഉൽപ്പന്നം ഉപയോഗിക്കാം. വിനോദസഞ്ചാരികളുടെ ദീർഘദൂര യാത്രകളിൽ, ഈ ‘സോളാർ സ്റ്റൗ’ യൂണിറ്റിനൊപ്പം ഒരു ഫ്ലെക്സിബിൾ (ഫോൾഡബിൾ അല്ലെങ്കിൽ MAT പോലെയുള്ള) സോളാർ പാനലിനൊപ്പം വാഹനത്തിൽ അവർക്ക് സ്വതന്ത്രമായി പാചകം ചെയ്യാം. വിദൂര സ്ഥലങ്ങളിലെ ഡ്യൂട്ടി സമയത്ത് സൈനിക, വനം ഉദ്യോഗസ്ഥർക്ക് ഇത് വളരെ ഉപയോഗപ്രദമാണ്. സോളാർ പാനലുള്ള സിംഗിൾ സ്റ്റൗവിന് ആകെ ചെലവ് ഏകദേശം 10,000 രൂപയും, ഡബിൾ സ്റ്റൗവിന് ഏകദേശം 15000 രൂപയും ആണ്.
രണ്ടാമത്തെ മോഡലിൽ, വെയിൽ അല്ലാത്ത സമയങ്ങളിൽ പാചക സമയം നീട്ടുന്നതിന് കൺട്രോൾ യൂണിറ്റിനൊപ്പം ഒരു ബാറ്ററിയും ഉൾപ്പെടുത്തിയിട്ടുണ്ട്.
സോളാർ പാനൽ റേറ്റിംഗും ബാറ്ററി കപ്പാസിറ്റിയും ആവശ്യകതയെ അടിസ്ഥാനമാക്കി വർദ്ധിപ്പിക്കാൻ കഴിയും. വെയിൽ ഇല്ലാത്ത സമയങ്ങളിൽ അല്ലെങ്കിൽ മഴയുള്ള ദിവസങ്ങളിൽ, ബാറ്ററി കാലിയായാൽ പോലും, ഉൽപ്പന്നം സ്വമേധയാ വൈദ്യുതിയിലേക്കു മാറുന്നു. അതുകൊണ്ട് തടസ്സമില്ലാതെ ദിവസം മുഴുവൻ വൃത്തിയുള്ള പാചകം ഉറപ്പാക്കുന്നു.
ഈ അടുപ്പ് പുകയില്ലാത്തതാണ്, പുറം തള്ളുന്ന ഗ്യാസ് ഇല്ല, ഇത് കാർബൺ മോണോക്സൈഡ് ഉത്പാദിപ്പിക്കുന്നില്ല. ഉപഭോക്താവ് പരമ്പരാഗത എൽപിജി ഗ്യാസിനെ ആശ്രയിക്കേണ്ടതില്ല. ഈ ‘സ്മാർട്ട് സോളാർ സ്റ്റൗ’ നടപ്പിലാക്കുന്നതിലൂടെ ഓരോ കുടുംബത്തിനും പ്രതിവർഷം ഏകദേശം 12,000 രൂപ ലാഭിക്കാം.
ഏറ്റവും ആകർഷകമായ ഭാഗം “ഉപയോഗിക്കാൻ ചിലവില്ല എന്നതാണ് കൂടാതെ ഒതുക്കവും ഉപയോഗിക്കാൻ എളുപ്പവും ആണ്. സ്റ്റൗവിന്റെ ടച്ച് പാഡ് ഇൻഡക്ഷൻ കുക്കറിന് സമാനമാണ്. റേഡിയേഷൻ ഇല്ല. അതിനാൽ, പ്രായമായവർക്കും ഗർഭിണികൾക്കും കുട്ടികൾക്കും ഈ അടുപ്പ് സുരക്ഷിതമായി ഉപയോഗിക്കാം. ഫയർ, വാട്ടർപ്രൂഫ്, ഷോക്ക് എന്നിങ്ങനെ ഒന്നിലധികം സുരക്ഷാ പരിരക്ഷകൾ ഉൽപ്പന്നത്തിൽ ചേർത്തിട്ടുണ്ട്, എന്ന് ” ഡോ. കാർത്തികേയൻ പറഞ്ഞു.
കേന്ദ്ര ഗവ. ബയോടെക്‌നോളജി വകുപ്പാണ് ഈ പദ്ധതിക്ക് ധനസഹായം നൽകുന്നത്. NIT കാലിക്കറ്റിലെ സെന്റർ ഫോർ ഇന്നൊവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ചെയർമാൻ പ്രൊഫ. അശോക് എസ് ആണ് ഈ പ്രോജക്ടിൻ്റെ മെൻറർ. “സ്മാർട്ട് സോളാർ സ്റ്റൗവിന്റെ വാണിജ്യാടിസ്ഥാനത്തിലുള്ള നിർമ്മാണത്തിനുള്ള സാങ്കേതികവിദ്യ കൈമാറുന്നതിന് നിരവധി വ്യവസായ സ്ഥാപനങ്ങൾ താൽപ്പര്യപ്പെടുന്നുണ്ട്”, എന്ന് പ്രൊഫ. അശോക് പറഞ്ഞു.
[കൂടുതൽ വിവരങ്ങൾക്ക്, ദയവായി ബന്ധപ്പെടുക: പ്രൊഫ. അശോക് എസ്, mob: 9446647271.