ചാത്തമംഗലം:
ജലദിനത്തിൽ നാടിൻ്റെ ജീവനാഡിയായ ചെറുപുഴ സംരക്ഷിക്കണമെന്ന ആഹ്വാനവുമായി എൻ.ഐ.ടി ചേനോത്ത് ഗവ: എൽ.പി സ്കൂളിലെ കുരുന്നുകൾ നടത്തിയ പുഴ യാത്രയും പുഴ പ്രതിജ്ഞയും ശ്രദ്ധേയമായി. പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞ് കൂടിയും വിവിധ മലിനീകരണങ്ങൾക്ക് വിധേയമായും നാശോൻ മുഖമാകുന്ന ചെറുപുഴയെ വീണ്ടെടുക്കണമെന്നും ചെറുപുഴ സംരക്ഷണത്തിന് ജനകീയ കൂട്ടായ്മ രൂപപ്പെടുത്തണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. പുഴ സംരക്ഷണ മുദ്രാവാക്യങ്ങൾ ഉയർത്തിയും ഇളം കൈകളിൽ പ്ലക്കാർഡുകളേന്തിയും സ്കൂൾ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങൾ ഗ്രാമ പഞ്ചായത്ത് അംഗം പി.ടി അബ്ദുറഹിമാൻ ,ഹെഡ്മാസ്റ്റർ ശുക്കൂർ കോണിക്കൽ ,വിദ്യാലയ വികസന സമിതി കൺവീനർ ഗംഗാധരൻ നായർ ,മാതൃസമിതി ചെയർപേഴ്സൺ എം.അനിഷ,
സ്കൂൾ ലീഡർ പി.അൻജിത ,അധ്യാപകരായ കെ.കെ.അബ്ദുൽ ഗഫൂർ ,പ്രീത പി പീറ്റർ ,അശ്വതി എൻ നായർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ യാത്ര ചേനോത്ത് പുഴക്കടവിൽ സമാപിച്ചു .തുടർന്ന് പുഴയിൽ അണിനിരന്ന വിദ്യാർത്ഥികൾ ഹെഡ്മാസ്റ്റർ ചൊല്ലിയ പുഴ പ്രതിജ്ഞ ഏറ്റുചൊല്ലി.
ഓരോ തുള്ളി ജലവും അമൂല്യമാണെന്നും ജലമലിനീകരണവും ജലം പാഴാക്കലും സാമൂഹ്യ ദ്രോഹമാണെന്നും അവർ ഉറക്കെ വിളിച്ചു പറഞ്ഞു. ഇനിയൊരു യുദ്ധം ദാഹജലത്തിന് വേണ്ടിയാകുമെന്ന മുന്നറിയിപ്പും അവർ നൽകി.ജല സാക്ഷരത ബോധനം ,ജല പതിപ്പ് നിർമ്മാണം , പുഴ മൊഴി തുടങ്ങിയ പരിപാടികളും ജലദിനത്തിൻ്റെ ഭാഗമായി നടന്നു.
..,