വ്യാപാരി വ്യവസായി സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീന്‍ അന്തരിച്ചു. 78 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി ദേഹാശ്വാസ്ത്യം അനുഭവപ്പെട്ടിരുന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും രാത്രി പത്തരയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ആദര സൂചകമായി ഇന്ന് സംസ്ഥാന വ്യാപകമായി കടകള്‍ അടയ്ക്കുമെന്ന് വ്യാപാരികള്‍ അറിയിച്ചു.
കേരളത്തിലെ വ്യാപാരികളെ സംഘടനയിലൂടെ കരുത്തരാക്കിയ വ്യക്തിയായിരുന്നു നസറുദ്ദീന്‍. 1991 മുതല്‍ സംഘടനയുടെ സംസ്ഥാന പ്രസിഡന്റാണ്. കേരളത്തിലെ വ്യാപാരികളെ സംഘടിത ശക്തിയാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച വ്യാപാരി നേതാവായിരുന്നു. കേരളത്തില്‍ വ്യാപാരികളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഒട്ടേറെ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്കി.
1980ല്‍ മലബാര്‍ ചോംബര്‍ ഓഫ് കൊമേഴ്സ് ജനറല്‍ സെക്രട്ടറിയായാണ് സംഘടനാ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. ഭാരതീയ ഉദ്യോഗ് വ്യാപാര്‍ മണ്ഡല് സീനിയര്‍ വൈസ് പ്രസിഡന്റ്, കേരള കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയര്മാന്, സംസ്ഥാനസര്‍ക്കാരിന്റെ ട്രേഡേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്മാന്, സംസ്ഥാന വാറ്റ് ഇംപ്ലിമെന്റേഷന്‍ കമ്മിറ്റിയംഗം, ഫോറസ്റ്റ് ആന്‍ഡ് വൈല്‍ഡ് ലൈഫ് ബോര്‍ഡ് അംഗം, വ്യവസായ ബന്ധസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏകോപന സമിതിക്കു കീഴില്‍ ഷെഡ്യൂള്‍ഡ് ബാങ്ക് പദവിയുള്ള കേരള മര്‍ക്കന്റൈല്‍ സഹകരണബാങ്ക് സ്ഥാപിച്ചത് നസിറുദ്ദീനാണ്. ദീര്‍ഘകാലം അതിന്റെ ചെയര്‍മാനുമായിരുന്നു.
1944-ല്‍ കണ്ണൂരിലെ പ്രമുഖ വ്യാപാരിയായ ടി.കെ. മുഹമ്മദിന്റെയും അസ്മാബിയുടെയും മകനായാണ് ജനനം. ഹൈസ്ക്കുള് പഠനത്തിന് ശേഷം വ്യാപര മേഖലയിലേക്ക് കടന്നു. കോഴിക്കോട് മിഠായിത്തെരുവിലെ പ്രമുഖ വ്യാപാര സ്ഥാപനമായ ബ്യൂട്ടി സ്റ്റോഴ്സിന്റെ ഉടമയാണ്. ഭാര്യ: ജുബൈരിയ. മക്കള്‍: മുഹമ്മദ് മന്‍സൂര്‍ ടാംടണ്‍(ബിസിനസ്), എന്‍മോസ് ടാംടണ്‍(ബിസിനസ്), അഷ്റ ടാംടണ്‍, അയ്ന ടാംടണ്‍ (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്). മരുമക്കള്‍: ആസിഫ് പുനത്തില്‍(പൈലറ്റ് സ്പൈസ് ജെറ്റ്), ലൗഫീന മന്‍സൂര്‍ (പാചകവിദഗ്ധ), റോഷ്നാര, നിസ്സാമുദ്ദീന്‍ (ബിസിനസ്, ഹൈദരാബാദ്). ഖബറടക്കം ഇന്ന് വൈകിട്ട് 5 ന് കോഴിക്കോട് കണ്ണംപറമ്പ് ജുമ അത്ത് പള്ളി ഖബറിസ്ഥാനില്‍ നടക്കും.