കുന്ദമംഗലം: ഇതുവരേ 5.71കോടിയുടെ വ്യാജ പള്‍സോക്‌സി മീറ്ററുകളുടെ വില്‍പന തടഞ്ഞതായി സംസ്ഥാ ആരോഗ്യവകുപ്പ്, മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. പള്‍സ് ഓക്‌സിമീറ്ററുകളുടെ കാര്യക്ഷമതയെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ നൗഷാദ് തെക്കയില്‍ കേരള മനുഷ്യാവകാശ കമ്മീഷനിലും മറ്റും നല്‍കിയിരുന്ന പരാതിയിലാണ് നടപടി. ഇപ്പോഴും കര്‍ശന നിയന്ത്രണവും പരിശോധനയും തുടരുകയാണ്. വിപണിയില്‍ സജീവമായ വ്യാജ ഓക്‌സിമീറ്ററുകളെക്കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് മാസങ്ങള്‍ക്ക് മുമ്പ് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജു നാഥ് നിര്‍ദ്ദേശം നല്‍കിയിരുന്നു. മാര്‍ക്കറ്റില്‍ ലഭിക്കുന്ന പള്‍സ് ഓക്‌സിമീറ്ററുകളുടെ ഗുണമേന്മ എത്രത്തോളമുണ്ട് എന്നാണ് അന്വേഷിച്ചത്. വിപണിയിലുള്ള ഓക്‌സിമീറ്ററുകളില്‍ വിരലിന് പകരം എന്ത് വെച്ചാലും ഓക്‌സിജന് ന്റെതോത് കാണിക്കുന്നതാണ് വെല്ലുവിളി. ഓക്‌സിമീറ്ററില്‍ പേന വച്ചപ്പോള്‍ ഓക്‌സിജന്റെ അളവ് 99 ഉം ഹൃദയമിടിപ്പ് 67 ഉം ആണ് സ്‌ക്രീനില്‍ തെളിഞ്ഞത്. സിഗരറ്റിന് പോലും ഹൃദയമിടിപ്പുണ്ട്. സിഗരറ്റ് വച്ചപ്പോള്‍ 82 ഹൃദയമിടിപ്പാണ് സ്‌ക്രീനില്‍ തെളിഞ്ഞത്. പെന്‍സിലിന് ഓക്‌സിജന്‍ അളവ് 97 ഉം ഹൃദയമിടിപ്പ് 63 ഉം ആണ്. വിരല്‍ വച്ചാല്‍ മാത്രം പ്രവര്‍ത്തിക്കേണ്ടിടത്താണ് പേനയ്ക്കും സിഗരറ്റിനുമെല്ലാം ഹൃദയമിടിപ്പ് കാണിക്കുന്നത്. കൊവിഡ് ബാധിതര്‍ക്ക് ഓക്‌സിജന്റെ അളവ് പെട്ടെന്ന് കുറയാൻ സാധ്യതയുള്ളത് കൊണ്ട്, വീടുകളില്‍ കഴിയുന്ന രോഗികള്‍ ഇടക്കിടെ പരിശോധന നടത്തണമെന്നാണ് നിര്‍ദേശം. വ്യാജ ഓക്‌സിമീറ്ററുകള്‍ തെറ്റായ അളവ് കാണിക്കുന്നത് കൊണ്ട് ഇവ രോഗിയുടെ ശരീരത്തില്‍ ഓക്‌സിജന്റെ അളവ് കുറഞ്ഞാലും അറിയാന്‍ കഴിയില്ല. സംസ്ഥാനവ്യാപകമായി ഡ്രഗ്‌സ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ പരിശോധന കര്‍ശനമാക്കുകയായിരുന്നു. ഇതേതുടര്‍ന്ന് അപാകതകള്‍ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഉല്പന്നങ്ങളുടെ വിപണനം തടഞ്ഞു. ഡ്രസ്സ് ആന്‍ഡ് കോണ്‍സ്‌മെറ്റിക്‌സ് ആക്ട് 1940ന്റെ പരിധിയില്‍ വരുന്ന മെഡിക്കല്‍ ഡിവൈസസ് റൂള്‍ 2017 വ്യവസ്ഥകള്‍ പ്രകാരം ഓക്‌സി മീറ്ററുകളുടെ ലേബലുകളില്‍ പാക്കിംങ് നമ്പര്‍, നിര്‍മാണ തീയതി, കാലാവധി, കമ്പനിയുടെ പേരും മേല്‍വിലാസവും രേഖപ്പെടുത്തേണ്ടത് അനിവാര്യമാണ്. ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന ഇത്തരം ഉല്‍പ്പന്നങ്ങളിലും ഇറക്കുമതി ചെയ്യുന്ന കമ്പനികളുടെ മേല്‍വിലാസം, നിര്‍മാണ തീയതി, ഉപകരണത്തിന് പേര്, എന്നിവ രേഖപ്പെടുത്തേണ്ടതാണ്. കൂടാതെ കൊവിഡ്-19ന്റെ പശ്ചാത്തലത്തില്‍ കേരള സര്‍ക്കാര്‍ കൊവിഡ് അനുബന്ധ ചികിത്സ സാമഗ്രികളുടെ വിലയും ലഭ്യതയും ഉറപ്പുവരുത്തുന്നതിലേയ്ക്കായി കേരള എസന്‍ഷ്യല്‍ ആര്‍ട്ടിക്കിള്‍സ് കണ്‍ട്രോള്‍ ആക്ട് 1986 പള്‍സോക്സി മീറ്ററുകള്‍ ഉള്‍പ്പെടെയുള്ള കോവിഡ അനുബന്ധ ചികിത്സ സാമഗ്രികളുടെ പരമാവധി വില്‍പ്പന വില നിശ്ചയിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളതാണ്. ഇപ്രകാരം വില നിശ്ചയിച്ചിട്ടുള്ള സര്‍ജിക്കല്‍ സാമഗ്രികളുടെ നിയന്ത്രിത വിലയ്ക്കുള്ള ലഭ്യതയും കാര്യക്ഷമതയും ഉറപ്പാക്കുന്നതിനായി സംസ്ഥാനവ്യാപകമായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് പരിശോധനകള്‍ നടത്തുകയും മാനദണ്ഡങ്ങള്‍ പാലിക്കാതെ വിപണിയില്‍ ലഭ്യമാക്കിയ 5,77,13,800രൂപയുടെ പള്‍സര്‍ സീറ്റുകള്‍ വിതരണം തടഞ്ഞു. വിപണിയില്‍ ദൗര്‍ലഭ്യം ഇല്ലാതെ മതിയായ അളവില്‍ ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഇത്തരം ഉല്‍പ്പന്നങ്ങള്‍ സ്റ്റോക്ക് ചെയ്യുന്നതിനും നിയന്ത്രിത വിലയില്‍ വില വിപണനം നടത്തുന്നതിനും ഔഷധ വ്യാപാരികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.