കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ ചാത്തങ്കാവ്, അമ്പലപ്പടി, വിരുപ്പിൽ ഭാഗങ്ങളിൽ ശക്തമായ മഴപെയ്യുമ്പോഴേക്കും വീടുകൾ വെള്ളത്തിനടിയിലാവുന്നത് റോഡുകളിൽ മതിയായ ഓവ്ചാൽ ഇല്ലാത്തതിനാലാണെന്നാണ് നാട്ടുകാരുടെ പരാതി. ഇത് സംബന്ധിച്ച ബഹുജനഹർജി സ്ഥലം എംഎൽഎക്കും പഞ്ചായത്ത് പ്രസിഡണ്ടിനും നൽകുവാനൊരുങ്ങുകയാണ് നാട്ടുകാർ. ആനപ്പാറ ആശുപത്രിക്ക് മുകൾഭാഗത്തുനിന്നും മുപ്രച്ചരു, പുറ്റാട്ട് ഭാഗത്ത്നിന്നും ശക്തമായി ഒഴുകി വരുന്ന മഴവെള്ളം ഓവുചാലിന്റെ അഭാവത്തിൽ റോഡ് നിറഞ്ഞ്കവിഞ്ഞ് വീടുകളിലേക്ക് ഇരച്ച്കയറുകയാണ്. വരിട്ട്യാക്ക്-പെരിങ്ങൊളം റോഡ് നവീകരണത്തിന്റെ ഭാഗമായി റോഡ് ഉയർത്തിയതും തോടുമായി ചേരുന്ന സ്ഥലത്ത് നിർമ്മിച്ച കൾവർട്ടിന്റെ പിഴവുമാണ് വെള്ളം ഒഴുകിപോകാതെ വീടുകളിലേക്ക് കയറാൻ കാരണമെന്ന് പരിസരവാസികൾ പറയുന്നത്. കഴിഞ്ഞദിവസങ്ങളിലെ മഴയിൽ പത്തോളം വീടുകളിലാണ് വെള്ളം കയറി നാശം വിതച്ചത്. വിരുപ്പിൽ ഭഗവതികണ്ടം ചന്ദ്രൻ, രാജൻസൂര്യ എന്നിവരുടെ വീടുകളിലെ ചുറ്റുമതിൽ മഴവെള്ളത്തിന്റെ കുത്തൊഴുക്കിൽ തകർന്നു. എത്രയും പെട്ടെന്ന് വരിട്ട്യാക്ക്-പെരിങ്ങൊളം റോഡിലേക്ക് കയറുന്ന പഞ്ചായത്ത് റോഡിന് വീതികൂടിയ ഓവുചാൽ നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. (photo:വീടുകളിലേക്ക് മഴവെള്ളം ഇരച്ച് കയറിചാത്തങ്കാവ് ഭഗവതികണ്ടം ചന്ദ്രന്റെ ചുറ്റുമതിൽ തകർന്ന നിലയിൽ)