കുന്ദമംഗലം: കോവിഡ് സൃഷ്ടിച്ച അടച്ചിടലിൽ ക്ലാസ്സ് മുറിയിലെ പഠനം അനുഭവഭേധ്യമാക്കുവാനായി കുന്ദമംഗലം ഉപജില്ലയിൽ “അക്ഷര മിഠായി” ഒരുങ്ങി. വിക്റ്റേഴ്സ് ക്ലാസ്സിന് ശേഷം അദ്ധ്യാപകർ കൊടുക്കുന്ന പിന്തുണ ക്ലാസുകൾ ആകർഷകവും ലളിതവുമാക്കാൻ ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി കുന്ദമംഗലം ഉപജില്ലയിലെ അദ്ധ്യാപകർ ഒരുക്കിയ ഡിജിറ്റൽ പഠനസഹായിയാണ് അക്ഷരമിഠായി. ഹെഡ്മാസ്റ്റർ ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് രൂപീകരിച്ച “അക്ഷര മിഠായി” യുടെ പോസ്റ്റർ പ്രകാശനം കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടർ വി.പി.മിനി നിർവ്വഹിച്ചു. ഓരോ പഠന നേട്ടവും ഉറപ്പാക്കുന്നതിനായുള്ള ലഘു വീഡിയോകൾ, കാർട്ടൂൺ, ആനിമേഷൻ, പ്രസൻ്റേഷനുകൾ തുടങ്ങിയ നിരവധി ഡിജിറ്റൽ സങ്കേതങ്ങൾ ഉപയോഗപ്പെടുത്തിയാണ് പഠന വിഭവങ്ങൾ ഒരുക്കിയിട്ടുള്ളത്. ഡിജിറ്റൽ വിഭവങ്ങളുടെ പ്രകാശനം ഡയറ്റ് പ്രിൻസിപ്പൽ വി വി പ്രേമരാജൻ നിർവ്വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ ജെ പോൾ അദ്ധ്യക്ഷത വഹിച്ചു.ഡയറ്റ്ഫാക്കൾറ്റി എം പ്രജീഷ്, എൻ.അബ്ദുറഹ്മാൻ, മാവൂർ ബിപിസി ഷീബ, കുന്ദമംഗലം ബിപിസി ശിവദാസൻ.കെ.എം, എച്ച്എംഫോറം സെക്രട്ടറി കെ കെ രാജേന്ദ്രകുമാർ, രോഷ്മ ജി എസ്, രാജൻ പാക്കത്ത്, വിനോദ് കുമാർ സി കെ, ടി മുഹമ്മദലി എന്നിവർ പ്രസംഗിച്ചു