കുന്ദമംഗലം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ മികച്ച നേട്ടം കൊയ്ത് കാശ്മീർ വിദ്യാർഥികളും. കാരന്തൂർ മർകസ് ബോയ്സ് ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർഥികളായ 14 വിദ്യർഥികളാണ് എല്ലാ വിഷയത്തിലും എ പ്ലസ് നേടി വിജയിച്ചത്. പരീക്ഷയെഴുതിയ 31 പേരും മികച്ച ഗ്രേഡ് തന്നെ സ്വന്തമാക്കി. ലോക്ഡൗൺ സമയത്ത് കാശ്മീരിൽ നിന്ന് ഓൺലൈൻ വഴി ക്ലാസുകൾ കേൾക്കുകയും ലോക്ഡൗണിന് ശേഷം മർകസ് കാമ്പസിലെത്തി താമസിച്ച് പരീക്ഷക്കായി ചിട്ടയായ പരിശീലനം നേടുകയുമായിരുന്നു ഇവർ. മർകസ് മാനേജ്മെൻ്റും സ്കൂൾ അധ്യാപകരും നൽകിയ പൂർണ പിന്തുണ ഉന്നത വിജയത്തിന് മുതൽക്കൂട്ടായെന്ന് വിദ്യാർഥികൾ പറയുന്നു. ഫലമറിഞ്ഞപ്പോൾ വിജയത്തിൻ്റെ സന്തോഷം അധ്യാപകുമായി പങ്കിടാനും വിദ്യാർഥികൾ മറന്നില്ല. ഹയർ സെക്കൻ്ററി പഠനവും കേരള സിലബസിൽ പഠിക്കാനാണ് ഇവർക്ക് താൽപര്യം. മുൻ വർഷങ്ങളിൽ കലാത്സവ കായികമേളകളിൽ സംസ്ഥാന തലത്തിൽ ഇവർ മെഡലുകൾ സ്വന്തമാക്കിയിരുന്നു. ഉന്നത വിജയം നേടിയ വിദ്യാർഥികളെ സ്കൂൾ പിടിഎ അനുമോദിച്ചു. ഹെഡ്മാസ്റ്റർ പി അബ്ദുന്നാസർ അധ്യക്ഷത വഹിച്ചു.