കുന്ദമംഗലം:ഓൺലൈൻ പഠന സൗകര്യമില്ലാതെ ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് പഠന സൗകര്യം ഒരുക്കുന്നതിനായി പെരിങ്ങളം ഗവ ഹയർ സെക്കൻഡറിയിലെ എൻ എസ് എസ് വോളണ്ടിയർമാർ ഇരുപത്തി ആറായിരം രൂപ സ്കൂളിലെ പി ടി എ കമ്മറ്റിക്ക് നൽകി. എൻ എസ് എസ് വോളൻ്റിയർ ലീഡർമാരായ നീഷ്മ, ആനന്ദ് ,അംഗങ്ങളായ ദേവേന്ദു, ജെന്നി, ജുബിന, ഗോപിക എന്നിവർ ചേർന്ന് തുക പിറ്റിഎ പ്രസിഡൻ്റ് ആർ . വി .ജാഫറിനും പ്രിൻസിപ്പൾ ഇൻ ചാർജ് എം .കെ .ഹസീല ടീച്ചർക്കും സ്ക്കൂളിൽ വെച്ച് നടന്ന ചെറിയ ചടങ്ങിൽ കൈമാറി. കുട്ടികൾ അവരുടെ ലഘുസമ്പാദ്യത്തിൽ നിന്നും എടുത്തതും നൂറു രൂപ ചലഞ്ചിലൂടെ സ്വരൂപിച്ചതുമായ തുകയും ചേർത്താണ് ഇത്രയും രൂപ നൽകിയത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിൽ നിന്നും ഇത്രയും തുക സ്വരുപിക്കാൻ കഴിഞ്ഞത് കുട്ടികളുടെ കഠിനാധ്വാനവും സ്ഥിരോത്സാഹവും ഒന്നു കൊണ്ട് മാത്രമാണ്. കുട്ടികൾ തയ്യാറാക്കിയ നൂറു രൂപ അഭ്യർത്ഥിച്ചു കൊണ്ടുള്ള ഒരു വാട്ട്സാപ്പ് മെസേജ് സുഹ്യത്തുകൾക്കും ബന്ധുക്കൾക്കും അയച്ചു നൽകി സഹായിക്കാൻ താല്പര്യമുള്ളവരിൽ നിന്ന് അക്കൗണ്ട് ഡീറ്റയിൽ നൽകി പണം സ്വികരിക്കുകയായിരുന്നു. ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതിനാൽ മെസേജിൽ അക്കൗണ്ട് ഡീറ്റയിൽസ് നൽകിയിരുന്നില്ല. സ്ക്കൂളിലെ ഓൺലൈൻ പഠനസൗകര്യമില്ലാത്ത കുട്ടികൾക്ക് പഠന സൗകര്യം ഒരുക്കാൻ വലിയ കർമ്മ പദ്ധതിയുമായി മുന്നോട്ട് പോകുന്ന പി ടി എ ,സഹായം നൽകി കൂടെ നിന്ന സ്ക്കൂൾ എൻ എസ് എസിലെ അംഗങ്ങളെയും പ്രോഗ്രാംഓഫിസറെയും അഭിനന്ദിച്ചു.