കുന്ദമംഗലം: മർകസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ വിദ്യാർഥികളും എൻ എസ് എസ് വളണ്ടിയർമാരും ചേർന്ന് തങ്ങളുടെ സഹപാഠിക്ക് വേണ്ടി നിർമാണം പൂർത്തിയാക്കിയ വീടിൻ്റെ താക്കോൽ ദാന ചടങ്ങും അവാർഡ് വിതരണവും നാളെ രാവിലെ 10 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും.
2019ലെ ശക്തമായ മഴവെള്ളപ്പാച്ചിലിൽ പുഴ ഗതി മാറി ഒഴുകിയത് കാരണം പ്രയാസത്തിലായ കുടുംബത്തിനാണ് മർകസിലെ സഹപാഠികൾ തുണയായത്.തങ്ങളുടെ കൂട്ടുകാരിയുടെ പ്രയാസങ്ങൾ അധ്യാപകരിലെത്തിച്ചതോടെ അടിയന്തിര സഹായത്തിനായുള്ള പദ്ധതികളാ വിശ്കരിക്കുകയായിരുന്നു. വിദ്യാർഥികൾ തന്നെ നേരിട്ട് കലക്ഷൻ നടത്തിയാണ് നിർമാണത്തിന് വേണ്ട ഫണ്ടിലധികവും സമാഹരിച്ചത്. ലോക് ഡൗൺ കാരണം പ്രതീക്ഷിച്ചത് പോലെ കാര്യങ്ങൾ മുന്നോട്ട് പോവാത്ത അവസ്ഥ വന്നപ്പോൾ അധ്യാപകർ കൂടി സജീവമായി രംഗത്ത് വന്നു. കോവിഡ് പ്രതിസന്ധിക്കിടയിലും സഹപാഠിക്ക് വീടൊരുക്കിയ ചാരിതാർഥ്യത്തിലാണ് വിദ്യാർഥികൾ.
മർകസ് കോളേജ് വിദ്യാർഥികളുടെ നേതൃത്വത്തിൽ ഇത് രണ്ടാമത്തെ കുടുംബത്തിനാണ് വീട് നിർമിച്ച് നൽകുന്നത്.നേരത്തെ കാരന്തൂർ ഒഴുക്കരയിലെ നിർധന കുടുംബത്തിനായി വിദ്യാർഥികളുടെ നേതൃത്വത്തിൽ വീട് നിർമിച്ച് നൽകിയിരുന്നു. പ്രളയക്കെടുതിയിൽ വീർപ്പ് മുട്ടിയ വയനാട്ടിലെ വിവിധ ഭാഗങ്ങളിൽ പത്തിലധികം താത്കാലിക വീടൊരുക്കുന്നതിലും വിദ്യാർഥികൾ പങ്കാളികളായിരുന്നു.
തങ്ങളുടെ സഹപാഠിക്ക് വേണ്ടി മർകസ് കോളേജ് വിദ്യാർഥികൾ നിർമിച്ച് നൽകിയ വീടിൻ്റെ താക്കോൽദാനം നാളെ (ചൊവ്വ) രാവിലെ 10 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ അഡ്വ പി.ടി.എ റഹീം എം എൽ എ നിർവ്വഹിക്കും. പ്രിൻസിപ്പൽ പ്രൊഫ എ.കെ അബ്ദുൽ ഹമീദ് അദ്ധ്യക്ഷനാവും. അക്കാദമിക് മികവ് പുലർത്തിയ വിദ്യാർഥികൾക്ക് എക്സലൻസി, പ്രൊഫി ഷൻസി അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്യും. മർകസ് ഡയറക്ടർ ഡോ.എ.പി അബ്ദുൽ ഹകീം അസ്ഹരി വിദ്യാർഥികളുമായി സംവദിക്കും. മർകസ് അക്കാദമിക് പ്രൊജക്ട് ഡയറക്ടർ പ്രൊഫസർ ഉമറുൽ ഫാറൂഖ്, ഡോ.അവേലത്ത് സബൂർ തങ്ങൾ, പ്രൊഫസർ മഹ്മൂദ് പാമ്പള്ളി, ശമീർ സഖാഫി മപ്രം ,എ.കെ ഖാദർ ,ഒ.മുഹമ്മദ് ഫസൽ, ഡോ.രാഘവൻ, ഡോ.സുമോദൻ,ജാബിർ കാപ്പാട് സംബന്ധിക്കും.