ന്യുഡെൽഹിഃഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്നതിന്റെ ഓര്‍മ്മ പുതുക്കി ജനുവരി 26ന് രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. ഇത്തവണ 72-ാമത് റിപ്പബ്ലിക് ദിനമാണ് ഭാരതീയ ജനത ആഘോഷിക്കുന്നത്. 200 വര്‍ഷത്തിലേറെയായി ഇന്ത്യ ബ്രിട്ടീഷുകാരുടെ കോളനിയായിരുന്നു. സ്വാതന്ത്ര്യത്തിനായുള്ള നിരവധി പോരാട്ടത്തിനൊടുവില്‍ 1947 ഓഗസ്റ്റ് 15ന് ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് ഇന്ത്യ സ്വതന്ത്രയായി. എങ്കിലും ഒരു ഭരണഘടനയ്ക്കായുള്ള ശ്രമം അപ്പോഴും തുടര്‍ന്നുകൊണ്ടിരുന്നു. 1950 ജനുവരി 26നാണ് ഇന്ത്യയ്ക്ക് സ്വന്തമായി ഒരു ലിഖിത ഭരണ ഘടന നിലവില്‍ വന്നത്. അതുവരെ ഇന്ത്യ പിന്തുടര്‍ന്നിരുന്നത് 1935ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ആക്ട് നിയമങ്ങള്‍ ആയിരുന്നു1946 ഡിസംബര്‍ 9 ന് ഭരണഘടനാ അസംബ്ലി ആദ്യമായി ന്യൂഡല്‍ഹിയില്‍ ഭരണഘടനാ ഹാളില്‍ യോഗം ചേര്‍ന്നു. അതിനുശേഷം ഒരു കരട് സമിതിയെ നിയോഗിക്കുകയും സമിതിയുടെ ചെയര്‍മാനായി ഡോ. ബി ആര്‍ അംബേദ്കറെ നിയമിക്കുകയും ചെയ്തു. സ്വതന്ത്ര ഇന്ത്യയ്ക്കായുള്ള ഭരണഘടനയുടെ കരട് തയ്യാറാക്കാന്‍ കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലി ഏകദേശം മൂന്ന് വര്‍ഷമെടുത്തു. കൃത്യമായി പറഞ്ഞാല്‍ രണ്ട് വര്‍ഷം, പതിനൊന്ന് മാസം, പതിനേഴ് ദിവസം. 1949 നവംബര്‍ 26 ന് ഇന്ത്യന്‍ ഭരണഘടനാ അസംബ്ലി ഭരണഘടന അംഗീകരിച്ചു. 1950 ജനുവരി 26 മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു.1950 ജനുവരി 26 ന് രാവിലെ 10:18 ന് ഇന്ത്യ റിപ്പബ്ലിക്കായി. ഏതാനും മിനിറ്റുകള്‍ക്ക് ശേഷം 10:24 ന് ഡോ. രാജേന്ദ്ര പ്രസാദ് ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു. ഇന്ത്യയുടെ ആദ്യത്തെ ഭരണഘടന ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള കൈയ്യക്ഷരപ്രതിയായിരുന്നു. 1950 ജനുവരി 24 ന് ഭരണഘടനാ അസംബ്ലി അംഗങ്ങള്‍ ഇതില്‍ ഒപ്പുവച്ചു. ഈ പകര്‍പ്പുകള്‍ ഇപ്പോഴും പാര്‍ലമെന്റിന്റെ ലൈബ്രറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. .
1950 നും 1954 നും ഇടയില്‍ റിപ്പബ്ലിക് ദിനാഘോഷത്തിന് ഇന്ത്യക്ക് ഒരു നിശ്ചിത വേദി ഉണ്ടായിരുന്നില്ല. തുടക്കത്തില്‍ അത് ചെങ്കോട്ടയിലും പിന്നീട് നാഷണല്‍ സ്റ്റേഡിയം, കിംഗ്‌സ്വേ ക്യാമ്പ്, രാംലീല മൈതാനം എന്നിവിടങ്ങളിലായി നടന്നു. ഒടുവില്‍ 1955 ല്‍ ഡല്‍ഹി രാജ്പഥ് സ്ഥിരം വേദിയായി തിരഞ്ഞെടുത്തു. ആദ്യത്തെ റിപ്പബ്ലിക് ദിന പരേഡും ഇവിടെയായിരുന്നു. സൈനിക പരേഡ് രാഷ്ട്രപതി ഭവനില്‍ തുടങ്ങി രാജ്പഥില്‍ കൂടി ചരിത്ര പ്രസിദ്ധമായ ചെങ്കോട്ടയില്‍ എത്തി അവസാനിക്കുന്നു.