കുന്ദമംഗലം: വഖഫ് ട്രൈബ്യൂണല്‍ ഉത്തരവനുസരിച്ച് കുന്ദമംഗലം മഹല്ല് സംയുക്ത കമ്മിറ്റി നിലവില്‍ വന്നതായി ഭാരവാഹികളായ എം.കെ മുഹമ്മദ് ഹാജി, എം.പി ആലി ഹാജി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എം.കെ മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ വഖഫ് ബോര്‍ഡ് പ്രതിനിധി എം.കെ ജാഫറിന്റെ സാന്നിധ്യത്തില്‍ സുന്നിയ്യ മദ്‌റസയില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ കമ്മിറ്റി രൂപവത്കരിച്ചത്.
മഹല്ല് ഭരണം നിര്‍വ്വഹിക്കാനുള്ള പൂര്‍ണ്ണ അവകാശം ഇനി പ്രസ്തുത കമ്മിറ്റിക്കാണെന്ന് ഭാരവാഹികള്‍ പറഞ്ഞു.
അതേസമയം ഈ കമ്മിറ്റിയെ കാന്തപുരം വിഭാഗം അംഗീകരിച്ചിട്ടില്ല. അവരുടെ മറ്റൊരു കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നുണ്ട്. വഖഫ് ബോര്‍ഡ് ഉത്തരവ് ലംഘിച്ച് മറ്റൊരു കമ്മിറ്റിയുടെ പ്രവര്‍ത്തനം നിയമ വിരുദ്ധവും കുറ്റകരവും ആണെന്ന് വഖഫ് ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ രൂപവല്‍ക്കരിച്ച കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. സമസ്തയുടേയും കാന്തപുരം വിഭാഗത്തിന്റേയും പ്രതിനിധികള്‍ ചേര്‍ന്നാണ് കമ്മിറ്റി.
വ്യവസ്ഥാപിതമായ ജനറല്‍ബോഡി വിളിച്ച് ചേര്‍ക്കാത്തതിനെ തുടര്‍ന്ന് സമസ്ത പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ പശ്ചാത്തലത്തില്‍ വഖഫ് ബോര്‍ഡ് ഇടപെട്ട് ഇരുവിഭാഗം സമസ്തയുടെയും പ്രതിനിധികളെ ഉള്‍ക്കൊള്ളിച്ച് മഹല്ല് കമ്മിറ്റി പുനസംഘടിപ്പിച്ചത്. 1989 കാന്തപുരം സമാന്തര സംഘടന രൂപീകരിച്ചതിനെ തുടര്‍ന്ന് കുന്ദമംഗലം മഹല്ല് ഭരണം ഒരു വിഭാഗം കയ്യടക്കുകയും വ്യവസ്ഥാപിത ജനറല്‍ബോഡി വിളിച്ചു ചേര്‍ക്കാതെ കാന്തപുരം വിഭാഗത്തിലെ ഏതാനും പേര്‍ മഹല്ല് ഭരണം കൈകാര്യം ചെയ്തു വരികയുമായിരുന്നു. ഇതേ തുടര്‍ന്ന് സമസ്തയുടെ പ്രവര്‍ത്തകര്‍ കൊടുത്ത പരാതിയെ തുടര്‍ന്ന് വ്യവസ്ഥാപിത ജനറല്‍ബോഡി വിളിച്ചുചേര്‍ത്ത് കമ്മിറ്റി രൂപീകരിക്കണമെന്ന് 2013 വഖഫ് ട്രൈബ്യൂണല്‍ വിധിച്ചിരുന്നു. പല കാരണങ്ങള്‍ പറഞ്ഞ് ഈ ഉത്തരവ് നടപ്പാക്കുന്നത് വൈകിപ്പിക്കുകയായിരുന്നു. 2018 മാര്‍ച്ചില്‍ വീണ്ടും വഖഫ് ട്രൈബ്യൂണല്‍ മഹല്ല് ജനറല്‍ ബോഡി വിളിച്ചുചേര്‍ക്കുന്ന നടപടിയുമായി മുന്നോട്ടു പോയി. പള്ളിയുടെ നോട്ടീസ് ബോര്‍ഡില്‍ മഹല്ലിലെ ജനറല്‍ബോഡി അംഗങ്ങളുടെ ലിസ്റ്റ് സ്വീകരിക്കുകയും ചെയ്തു. അതേസമയം ഇരു വിഭാഗങ്ങളില്‍ നിന്നും ഏഴുപേര്‍ വീതം അടങ്ങുന്ന കമ്മറ്റി രൂപീകരിക്കുകയാണ് നല്ലതെന്ന് കാന്തപുരം വിഭാഗം ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് സമസ്ത പ്രവര്‍ത്തകര്‍ക്ക് പ്രസിഡന്റ്, രണ്ട് വൈസ് പ്രസിഡന്റു മാര്‍ ഒരു സെക്രട്ടറി എന്നീ പദവികളും കാന്തപുരം വിഭാഗത്തിന് ജനറല്‍ സെക്രട്ടറി ട്രഷറര്‍ ഒരു സെക്രട്ടറി എന്നീ പദവികളും നല്‍കാമെന്ന് വഖഫ് ബോര്‍ഡ് പ്രതിനിധികളുടെ സാന്നിധ്യത്തില്‍ തീരുമാനം ആവുകയായിരുന്നു. ആകെ 15 അംഗ കമ്മിറ്റിയില്‍ ഇരുവിഭാഗത്തിനും ഏഴ് പേര്‍ വീതവും ഒരു വഖഫ് ബോര്‍ഡ് പ്രതിനിധിയും കമ്മിറ്റി അംഗങ്ങളായിരിക്കും. എന്നാല്‍ ജനറല്‍ബോഡിവിളിച്ചുചേര്‍ത്ത് കമ്മിറ്റിരൂപീകരിക്കണമന്നാണ് കാന്തപുരം വിഭആഗം ഇപ്പോള്‍ പറയുന്നത്. ഭാരവാഹികള്‍: എം.കെ മുഹമ്മദ് ഹാജി(പ്രസിഡന്റ്), പി. സെയ്തലവി, ടി.പി അബ്ദുല്‍ അസീസ്(വൈസ് പ്രസിഡന്റ്), എം.പി ആലി ഹാജി (ജനറല്‍ സെക്രട്ടറി) ഐ. മുഹമ്മദ് കോയ, എം.കെ ജൗഹര്‍ ഹംജദി(സെക്രട്ടറി), സി. അബ്ദു സലീം (ട്രഷറര്‍).