സ്കൂൾ ഓഫ് മാത്തമാറ്റിക്സ് ഇൻ്റഗ്രേറ്റഡ് ബി.എസ്.സി – എം.എസ്.സി- പി.എച്ച്.ഡി കോഴ്സ് ആരംഭിച്ചു
സ്കൂൾ ഓഫ് മാത്തമാറ്റിക്സിൽ ഇൻ്റഗ്രേറ്റഡ് ബി.എസ്.സി – എം.എസ്.സി- പി.എച്ച്.ഡി കോഴ്സ് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 28 ലക്ഷം രൂപ ചെലവിൽ നിർമിച്ച സ്മാർട്ട് റൂമിൻ്റെ ശിലാഫലക അനാച്ഛാദനം പി.ടി.എ റഹീം എം.എൽ.എ നിർവ്വഹിച്ചു.
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനു കീഴിൽ കുന്നമംഗലത്ത് പ്രവർത്തിച്ചുവരുന്ന സ്കൂൾ ഓഫ് മാത്തമാറ്റിക്സിൽ പുതുതായി അനുവദിച്ച ഏഴുവർഷത്തെ കോഴ്സിനാണ് തുടക്കം കുറിച്ചത്. ഈ പ്രോഗ്രാമിൽ ചേരുന്ന വിദ്യാർത്ഥികൾക്ക് പി.എച്ച്.ഡി നേടുന്നതിന് മുമ്പ് എം.എസ്.സി ബിരുദം ലഭിക്കും.
ദേശീയതലത്തിൽ നടത്തുന്ന എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് വിദ്യാർഥികൾക്ക് പ്രവേശനം നൽകുന്നത്. ഇവിടെ നിലവിലുള്ള ഗണിതശാസ്ത്രത്തിൽ പി.എച്ച്.ഡിയിലേക്ക് നയിക്കുന്ന ഒരു ഡോക്ടറൽ പ്രോഗ്രാമിന് പുറമെയാണ് ഇപ്പോൾ ആരംഭിച്ച ഇൻ്റഗ്രേറ്റഡ് കോഴ്സ്.
പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു. ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് പ്രൊഫ. കെ.പി സുധീർ, അസോസിയേറ്റ് പ്രൊഫസർ ഡോ. വിജയരാജൻ സംസാരിച്ചു. കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ് ഡയറക്ടർ പ്രൊഫ. കല്യാൺ ചക്രവർത്തി സ്വാഗതവും പ്രൊഫ. ബാലസുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു.