കുന്ദമംഗലം: കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ഭരണസമിതി പ്രസിഡണ്ടായിരുന്ന ഷമീന വെള്ളക്കാട്ട് തുടർച്ചയായ മൂന്നാം തവണ ജനറൽ സീറ്റായ 16-ാം വാർഡിൽ നിന്ന് ഹാട്രിക് വിജയത്തിനായി അങ്കത്തിനിറങ്ങിയിരിക്കുകയാണ്.
2000 ലും 2005ലും 150 ലധികം വോട്ടുകൾക്ക് ഇടതുപക്ഷം വിജയിച്ച വാർഡ് 2010ൽ ഷമീന വെള്ളക്കാട്ടിലൂടെ ഏവരെയും അമ്പരപ്പിച്ചു കൊണ്ട് 99 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് പിടിച്ചെടുക്കുകയാണ് ചെയ്തത്..
2015 ൽ വാർഡ് വീണ്ടും സ്ത്രീ സംവരണമായപ്പോൾ മുസ്ലിം ലീഗിന് മറിച്ചൊന്ന് ചിന്തിക്കാനില്ലായിരുന്നു. ഷമീന വെള്ളക്കാട്ടിനെ തന്നെ വീണ്ടും മത്സരിപ്പിക്കുകയും 139 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ഷമീന തൻ്റെ വിജയത്തിൻ്റെ മാറ്റ് കൂട്ടുകയും ചെയ്തു .
2015ൽ ഭരണ സമിതിയിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആയി അധികാരമേറ്റെടുത്ത ഷമീന തൻ്റെ ദീർഘവീക്ഷണം കൊണ്ടും ഇച്ഛാശക്തി കൊണ്ടും ഏവരെയും അത്ഭുതപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചത്.
കുന്ദമംഗലം ബസ് സ്റ്റാൻ്റിൻ്റെയും പഞ്ചായത്ത് ഓഫീസിൻ്റെയും സമീപത്തുള്ള പഞ്ചായത്തിൻ്റെ ഉടമസ്ഥതയിലുള്ള ഒഴിഞ്ഞ സ്ഥലത്ത് ജനങ്ങളും വ്യാപാരികളും മറ്റും കാലാകാലങ്ങളായി മാലിന്യം നിക്ഷേപിച്ച് കൂമ്പാരമായി ചീഞ്ഞ് നാറുകയും മലിന ജലം റോഡിലേക്ക് ഒഴുകി പരിസരമാകെ ദുർഗന്ധം വമിക്കുകയും ചെയ്യുന്ന അവസ്ഥയാണുണ്ടായിരുന്നത്.
ഓരോ മാസവും 30000 രൂപാ ചെലവഴിച്ച് ഭരണസമിതി മാലിന്യങ്ങൾ നീക്കിയിരുന്നെങ്കിലും കൂടുതൽ മാലിന്യങ്ങൾ അടിഞ്ഞ് കൂടി നഗരത്തിൻ്റെ ഹൃദയം കുന്ദമംഗലത്തെ “ഞെളിയൻ പറമ്പ് ” ആയി, മാറുകയാണ് ചെയ്തത്.
ഷമീന വെള്ളക്കാട്ട് ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എന്ന സ്ഥാനമേറ്റെടുത്ത ഉടനെ തന്നെ വിവിധ കോണുകളിൽ നിന്നുള്ള എല്ലാ എതിർപ്പുകളെയും മറികടന്ന് കൊണ്ട് തൻ്റെ നേതൃത്വത്തിൽ തുടർച്ചയായി 24 മണിക്കൂർ സമയം ജെസിബിയും ടിപ്പറുകളും ഉപയോഗിച്ച് മുഴുവൻ മാലിന്യവും എടുത്തു മാറ്റി ദൂരെയുള്ള ഒരു പറമ്പിൽ കുഴിച്ചു മൂടി.
വീണ്ടും ആളുകൾ മാലിന്യം നിക്ഷേപിക്കാതിരിക്കാൻ സ്ഥലത്ത് പോലീസ് കാവൽ ഏർപ്പെടുത്തി.
തൊട്ടടുത്ത ദിവസം കുന്ദമംഗലത്തെ മുഴുവൻ വ്യാപാരികളുടെയും വിവിധ സാമൂഹ്യ സന്നദ്ധ പ്രവർത്തകരുടെയും യോഗം വിളിച്ചു ചേർത്ത് ഓരോ വ്യാപാര സ്ഥാപനത്തിലെയും മാലിന്യങ്ങൾ “നിറവി “ൻ്റെ സഹായത്തോടെ കയറ്റി അയക്കാനുള്ള പദ്ധതി ആവിഷ്ക്കരിച്ചു കൊണ്ട് കുന്ദമംഗലത്തെ മാലിന്യപ്രശ്നത്തിന് എന്നെന്നേക്കുമായി പരിഹാരം കണ്ടതിലൂടെയാണ് ഷമീന വെള്ളക്കാട്ടിൻ്റെ കഴിവുകൾ ജനശ്രദ്ധയാകർഷിക്കാൻ തുടങ്ങിയത്.
പിന്നീട് ഇതേ സ്ഥലത്ത് 39 ലക്ഷം രൂപാ ചെലവിൽ യാത്രക്കാർക്കും പൊതുജനങ്ങൾക്കും ഉപയോഗിക്കാനായി ആധുനിക രീതിയിലുള്ള പൊതു ടോയിലറ്റും കംഫർട്ട് സ്റ്റേഷനും പണിയുകയും ചെയ്തു .
ഷമീന വെള്ളക്കാട്ടിൻ്റെ ഭരണ പാഠവം തിരിച്ചറിഞ്ഞ മുസ്ലിം ലീഗ് പാർട്ടി ഐക്യ മുന്നണി ധാരണ പ്രകാരം തങ്ങൾക്കനുവദിച്ച രണ്ടര വർഷത്തെ പ്രസിഡണ്ട് പദവി അവസാന ഒൻപതര മാസം ഷമീനക്ക് നൽകുകയുണ്ടായി.
ഈ കാലയളവിൽ സ്ഥലപരിമിതി മൂലവും കെട്ടിടമില്ലാതെയും ബുദ്ധിമുട്ടുന്ന പഞ്ചായത്തിലെ ഏക സർക്കാർ സ്കൂളായ പടനിലം GLP ക്ക് വേണ്ടി 12 സെൻ്റ് സ്ഥലം വാങ്ങി കെട്ടിട നിർമ്മാണ പ്രവൃത്തിക്കായുള്ള പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങി വെച്ചു.
കൂടാതെ പടനിലത്ത് പഞ്ചായത്ത് വക വൈദ്യുത ശ്മശാനം നിർമ്മിക്കുന്നതിനായി 1 കോടി 38 ലക്ഷം രൂപ സ്വരൂപിക്കുകയും ആദ്യഘട്ടമെന്ന നിലയിൽ ചുറ്റു മതിൽ നിർമ്മിക്കുകയും ചെയ്തു.
കുന്ദമംഗലം ബസ് സ്റ്റാൻ്റ് , സാംസ്കാരിക നിലയം, ആനപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവ ആധുനിക രീതിയിൽ നവീകരിച്ചതും, പെയ്ൻ ആൻ്റ് പാലിയേറ്റീവ് കെട്ടിട നിർമ്മാണത്തിനും, ജനത്തിരക്ക് ഒഴിവാക്കുന്നതിനായി പഞ്ചായത്ത് ഫ്രണ്ട് ഓഫീസിന് പുതിയ അനുബന്ധ കെട്ടിട നിർമ്മാണത്തിനും ഫണ്ട് വകയിരുത്തി പ്രവൃത്തി തുടങ്ങി വെച്ചതുമെല്ലാം ഷമീന വെള്ളക്കാട്ട് പ്രസിഡണ്ട് ആയ കാലഘട്ടത്തിലാണ്.
2010 ൽ ഗ്രാമ പഞ്ചായത്ത് മെമ്പറായി തെരഞ്ഞെടുക്കപ്പെട്ട് 3 മാസത്തിനിടയിൽ തന്നെ ജില്ലാ പഞ്ചായത്തിൻ്റെ സഹായത്തോടെ കക്കാട്ടുമ്മൽ കുടിവെള്ള പദ്ധതിക്ക് വേണ്ടി 10 ലക്ഷവും, കേന്ദ്ര സർക്കാറിൻ്റെ രാജീവ് ഗാന്ധി കുടിവെള്ള പദ്ധതിയിലൂടെ മാങ്കുനി മീത്തൽ പ്രദേശത്തേക്ക് 6 ലക്ഷം രൂപയും അനുവദിപ്പിക്കുകയും ഒരു വർഷം കൊണ്ട് പദ്ധതികൾ പൂർത്തീകരിക്കുകയും ചെയ്ത് ജനങ്ങളുടെ കുടിവെള്ള പ്രശ്ന പരിഹാരത്തിന് പദ്ധതികളാവിഷ്കരിച്ചത് മൂലം പ്രദേശവാസികളുടെ മനസ്സിൽ സ്ഥിര പ്രതിഷ്ഠ നേടാൻ ഷമീന വെള്ളക്കാട്ടിന് സാധിച്ചു.
തിരുത്തിമ്മൽ അങ്കണവാടിക്ക് വേണ്ടി 5 സെൻ്റ് സ്ഥലം ലഭ്യമാക്കി നബാർഡിൻ്റെയും, ഗ്രാമ, ബ്ലോക്ക് പഞ്ചായത്തിൻ്റെയും സഹായത്തോടെ 27 ലക്ഷം രൂപ ചെലവിൽ ഇരുനില കെട്ടിടം യാഥാർത്ഥ്യമാക്കിയതും അവിടേക്ക് ഏകദേശം 500 മീറ്റർ നീളത്തിൽ സ്ഥലം ലഭ്യമാക്കി പുതിയ കോൺക്രീറ്റ് റോഡ് നിർമ്മിച്ച തുമെല്ലാം എടുത്ത പറയപ്പെടേണ്ട നേട്ടങ്ങളാണ് .
പൈങ്ങോട്ടു പുറത്തെ അരനൂറ്റാണ്ടിലധികം പഴക്കമുള്ള തകർന്നടിഞ്ഞ് നിലം പൊത്തിയ ഗ്രാമസേവിനി വായനശാലക്ക് വേണ്ടി ഇരുനില കെട്ടിടം പണിതതും അന്യം നിന്ന് പോയ നെൽകൃഷി പുനരുജ്ജീവിപ്പിക്കാൻ രണ്ടര ഏക്കറിൽ നെൽകൃഷിയിറക്കി യുവജനങ്ങളെ കൃഷിയിലേക്ക് ആകർഷിച്ചതും കാർഷികാവശ്യത്തിനായി 15 ലക്ഷം രൂപാ ചെലവിലുള്ള കുളം നിർമ്മാണം തുടങ്ങി വെച്ചതുമെല്ലാം ജനഹൃദയങ്ങളിൽ കയറി കൂടാൻ ഷമീന വെള്ളക്കാട്ടിനെ സഹായിച്ച പ്രധാന ഘടകങ്ങളാണ്.
യാത്രാ സൗകര്യങ്ങളില്ലാതെ വിഷമിക്കുന്ന വിവിധ പ്രദേശത്തെ ജനങ്ങൾക്കായി വാർഡിൽ 18 പുതിയ റോഡുകൾ നിർമ്മിച്ച് ടാറിംഗ്, കോൺക്രീറ്റ് പ്രവൃത്തി നടത്തിയതിലൂടെ ഒരു വികസന വിപ്ലവം തീർത്ത ഷമീന വെള്ളക്കാട്ട് ഇത്തവണയും ബഹുഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന കാര്യത്തിൽ പ്രവർത്തകർക്ക് യാതൊരു സംശയവുമില്ല.
ഇടതു മുന്നണിയിലെ മുൻ ഗ്രാമ പഞ്ചായത്ത് മെമ്പർ വി.അനിൽകുമാർ, ബി.ജെ.പി.യിലെ ജിബിൻ മാടഞ്ചേരി ,നെടൂളിൽ അബ്ദു റഹ്മാൻ , ദീപിക വെള്ളറക്കാട് എന്നിവരാണ് വാർഡിലെ മറ്റ് സ്ഥാനാർത്ഥികൾ.