കുന്ദമംഗലം:പരിസ്ഥിതി പുനസ്ഥാപന പ്രവർത്തനങ്ങളിൽ ക്രിയാത്മക പ്രവർത്തനങ്ങൾ നടത്തുമ്പോൾ മാത്രമേ കാലാവസ്ഥ വ്യതിയാനം പോലുള്ള ദോഷവശങ്ങളെ പ്രതിരോധിക്കാൻ സാധിക്കൂ. അത്തരം കൂട്ടായ ശ്രമത്തിന്റെ ഫലമാണ് ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം നടപ്പിലാക്കുന്ന പച്ചത്തുരുത്ത് പദ്ധതി. ഹരിതകേരളം മിഷൻ ആരംഭിച്ച “ അതിജീവനത്തിന്റെ ആയിരം പച്ചത്തുരുത്ത് ‘ പദ്ധതി ലക്ഷ്യം കടന്നു വിജയത്തിലെത്തിയിരിക്കുകയാണ് . സംസ്ഥാനത്തെ 590 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലായി 1261 പച്ചത്തുരുത്തുകൾ ഇതുവരെ പൂർത്തിയായി . ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനവും റിപ്പോർട്ട് പ്രകാശനവും ബഹു . മുഖ്യമന്തി . പിണറായി വിജയൻ 2020 ഒക്ടോബർ 15 – ന് വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഓൺലൈനായി നടത്തി. ഇതോടനുബന്ധിച്ച് ഗ്രാമപഞ്ചായത്തിൽ വച്ച് നടന്ന ചടങ്ങിൽ ഹരിത കേരളം ജില്ലാ മിഷൻ റിസോഴ്സ് പേഴ്സൺ രാജേഷിൽ നിന്നും പഞ്ചായത്ത് പ്രസിഡന്റ് .ലീന വാസുദേവൻ ഏറ്റുവാങ്ങി.ചടങ്ങിൽ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ . അസ്ബിജ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ് കെ.പി.കോയ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവൻ അനുമേദനപത്രവും, മുൻ പ്രസിഡന്റ് ഷൈജ വളപ്പിൽ പച്ചത്തുരുത്ത് പുസ്തകവും ഏറ്റുവാങ്ങി.വികസന കാര്യ ചെയർപേഴ്സൺ ആസിഫ, ക്ഷേമകാര്യ ചെയർമാൻ ഹിതേഷ് കുമാർ, തൊഴിലുറപ്പ് അസി.എഞ്ചിനീയർ ഡാനിഷ് എന്നിവർ ആശംസ പറഞ്ഞു. മെമ്പർമാരായ വിനോദ് പടനിലം, എ.കെ.ഷൗക്കത്തലി, പവിത്രൻ, ബൈജു എം.വി, സംജിത്ത്, തൊഴിലുറപ്പ് പദ്ധതി പ്രതിനിധികൾ ആയ ഉബൈദ്, സൗമ്യ മറ്റ് ജീവനക്കാർ പങ്കെടുത്തു. ചടങ്ങിൽ അസി.സെക്രട്ടറി നന്ദി പറഞ്ഞു.കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ പിലാശേരി, സി.ഡബ്യു.ആർ.ഡി.എം, മാക്കൂട്ടം യു.പി സ്കൂൾ എന്നിവിടങ്ങളിലായി മൂന്ന് പച്ചത്തുരുത്തുകളാണ് സ്ഥാപിച്ചത്. ആകെ 91 സെന്റ് സ്ഥലത്തായി 300 ഓളം വൃക്ഷ തൈകൾ വച്ചുപിടിപ്പിച്ചിട്ടുണ്ട്. ഇതിൽ 70 സെന്റിൽ സ്ഥാപിച്ച പിലാശേരി പച്ചത്തുരുത്താണ് വലുത് തൊഴിലുറപ്പ് പദ്ധതിയാണ് ഇത് സ്ഥാപിച്ചത്. മക്കൂട്ടം എൻ.എസ്.എസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആണ് സ്കൂളിലെ പച്ചത്തുരുത്ത് ആരംഭിച്ചത്. സാധ്യമായ സ്ഥലങ്ങളിലെല്ലാം പച്ചത്തുരുത്ത് മാതൃകകൾ സ്ഥാപിക്കുമെന്ന് തൊഴിലുറപ്പ് അസി.എഞ്ചിനീയർ ഡാനിഷ് പറഞ്ഞു.