കുന്ദമംഗലം: കുന്ദമംഗലത്ത് നിന്ന് യൂണിവേഴ്സിറ്റി വരെയുള്ള കെ.എസ്.ആർ.ടി.സി ബോണ്ട് സർവീസ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സുരക്ഷിതമായി യാത്ര ചെയ്യുന്നതിന് കെ.എസ്.ആർ.ടി.സി അവതരിപ്പിച്ച പുതിയ സംവിധാനമാണ് ബസ് ഓൺ ഡിമാൻഡ് എന്ന ബോണ്ട് സർവീസ്. സ്ഥിരം യാത്രക്കാർക്ക് ഏറെ സഹായകമായ ഈ സേവനത്തിന് വലിയ തോതിലുള്ള സ്വീകാര്യതയാണ് ലഭിച്ചു വരുന്നത്.
കെ.എസ്.ആർ.ടി.സി താമരശ്ശേരി ഡിപ്പോക്ക് കീഴിലുള്ള തിരുവമ്പാടി ഓപ്പറേറ്റിംഗ് സെൻററിൽ നിന്നുള്ള ബസ് ആണ് കുന്നമംഗലത്ത് നിന്ന് സർവീസ് നടത്തുന്നത്. 10 ദിവസം മുതൽ 30 ദിവസം വരെയുള്ള യാത്രക്ക് മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് അനുവദിക്കുന്ന സീറ്റിൽ അതാത് യാത്രക്കാരെ മാത്രമേ ഇരിക്കാൻ അനുവദിക്കുകയുള്ളൂ. ഓരോ യാത്രയ്ക്ക് ശേഷവും അണുനശീകരണം നടത്തുന്നതിനാൽ കൊറോണ ഭീതിയില്ലാതെ ലക്ഷ്യത്തിലെത്താൻ സാധിക്കും എന്നതാണ് ഈ സർവീസിന്റെ മികച്ച ആകർഷണം.
കുന്നമംഗലത്ത് നിന്ന് രാവിലെ 8-30 ന് പുറപ്പെടുന്ന ബസ് 9-45 ന് യൂണിവേഴ്സിറ്റിയിൽ എത്തും. വൈകുന്നേരം 5-05 ന് യൂണിവേഴ്സിറ്റിയിൽ നിന്നും പുറപ്പെട്ട് 6-15ന് കുന്നമംഗലത്ത് തിരിച്ചെത്തും. മെഡിക്കൽ കോളേജ്, തൊണ്ടയാട് ബൈപ്പാസ്, രാമനാട്ടുകര വഴിയാണ് ഈ ബസിന്റെ യാത്ര നിശ്ചയിച്ചിട്ടുള്ളത്.
കെ.എസ്.ആർ.ടി.സി നോർത്ത് സോൺ എക്സിക്യൂട്ടീവ് ഡയറക്ടർ സി.വി രാജേന്ദ്രൻ, ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ജോഷി ജോൺ, താമരശ്ശേരി എ.ടി.ഒ സി നിഷിൽ, സ്റ്റേഷൻ മാസ്റ്റർ എം.ഇ നവാസ്, ഇൻസ്പെക്ടർ ഐ സത്യൻ സംസാരിച്ചു.