കുന്ദമംഗലം : കുന്ദമംഗലം ആനപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിത്സ പുനരാരംഭിക്കണമെന്നും ആരോഗ്യ മന്ത്രി വിഷയത്തിൽ ഇടപെടണമെന്നും വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി ഇ.പി. അൻവർ സാദത്ത് ആവശ്യപ്പെട്ടു. കുടുംബാരോഗ്യ കേന്ദ്രത്തിന് മുമ്പിൽ വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുമ്പ് പ്രസവ വാർഡ് ഉൾപ്പെടെ കിടത്തി ചികിത്സാ സൗകര്യത്തോടെ പ്രവർത്തിച്ചിരുന്ന ആശുപത്രിയാണിത്. കിടത്തി ചികിത്സ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് രണ്ട് പതിറ്റാണ്ടായി പല ജനകീയ കൂട്ടായ്മകളും ഇവിടെ സമരപാതയിലാണ്. എന്നാൽ നിഷേധാത്മക നിലപാടാണ് ആരോഗ്യ വകുപ്പും വകുപ്പ് മന്ത്രിയും സ്വീകരിച്ചിരിക്കുന്നത്. കോവിഡ് കാലമായതിനാൽ കിടത്തി ചികിത്സ സൗകര്യം ജനങ്ങൾക്ക് ലഭ്യമായാൽ അത് സർക്കാരിൽ നിന്ന് ലഭിക്കുന്ന വലിയ സേവനമായിരിക്കും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സി.പി. സുമയ്യ, പി.എം. ശരീഫുദ്ധീൻ, തൗഹീദ അൻവർ തുടങ്ങിയവർ സംസാരിച്ചു. കാസിം മാസ്റ്റർ, എം.പി. അഫ്‌സൽ, ഇ. അമീൻ, പി.പി. ആമിന തുടങ്ങിയവർ ധർണ്ണക്ക് നേതൃത്വം നൽകി.