കുറ്റിക്കാട്ടൂർ: കരിപ്പൂർ വിമാനപകടത്തിൽ പരിക്കുപറ്റിയ സ്ത്രീകളെയും കുട്ടികളേയും, മഹാമാരിയും പ്രതികൂല കാലാവസ്ഥയും അവഗണിച്ച് മെഡിക്കൽ കോളേജിൽ പരിചരിച്ച ടീം വെൽഫെയർ പെരുവയൽ പഞ്ചായത്ത് വനിതാ വിംഗിന് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു അഭ്യുദയകാംക്ഷി വാഹനം കൈമാറി. വനിതാ വിംഗ് ടീം ക്യാപ്റ്റൻ സിൻസിലി അഷ്റഫ് പെരുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വൈ.വി ശാന്തയിൽ നിന്ന് താക്കോൽ ഏറ്റുവാങ്ങി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തിയ പരിപാടിയിൽ വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡൻറ് ടി.പി.ഷാഹുൽ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. വിമാനപകടത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ച പരിക്കേറ്റവരെ സഹായിക്കാൻ, സേവന സന്നദ്ധതയോടെ ഓടിയെത്തിയ സില്‍സിലിയുടെയും ടീം വെൽഫെയർ പ്രവർത്തകരുടെയും വാർത്ത വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സേവനം കഴിഞ്ഞ് മടങ്ങവെ മോഷണം പോയ അവരുടെ ഇരുചക്രവാഹനത്തിനുള്ള പാരിതോഷികമായാണ് ടീം വെൽഫെയർ വിംഗിന് വാഹനം കൈമാറിയത്. ടീം വെൽഫെയർ ക്യാപ്റ്റൻ എന്ന നിലയിൽ അവർക്ക് വാഹനം ആവശ്യമാണെന്നും എന്നെപ്പോലെയുള്ളവർ വീണു കിടന്നാൽ ഓടിയെത്തുന്നവർക്ക് സൗകര്യം ചെയ്ത് കൊടുക്കൽ അനിവാര്യമാണെന്നും പറഞ്ഞായിരുന്നു പേരറിയപ്പെടാനും പറയാനും ഇഷ്ടപ്പെടാത്ത വ്യക്തി ഉപഹാരം കൈമാറിയത്. യഥാർത്ഥത്തിൽ സേവന സൗന്ദര്യത്തിന്റെ ഇരട്ട മുഖങ്ങളായിരുന്നു അവർ രണ്ടുപേരും. വാർഡ് മെമ്പർ മഹിജകുമാരി, വുമൺ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന വൈ. പ്രസിഡന്റ് സുബൈദ കക്കോടി എന്നിവർ സേവന പ്രവർത്തനത്തിന് നേതൃത്വം കൊടുത്ത സിൻസിലി അഷ്റഫിന് പൊന്നാട അണിയിച്ചു. ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ സെക്രട്ടറി മുസ്ലിഹ് പെരിങ്ങൊളം, പ്രഫ.പി.എൻ ഇമ്പിച്ചിക്കോയ, വി. മൈമൂന ടീച്ചർ, സിൻസിലി അഷ്റഫ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് സമദ് നെല്ലിക്കോട്ട് സ്വാഗതവും സെക്രട്ടറി അഷ്റഫ് വെള്ളിപറമ്പ് നന്ദിയും പറഞ്ഞു.