കുന്ദമംഗലം:നിരവധി മോഷണക്കേസുകളിലെ പ്രതിയായ ഇങ്ങാപ്പുഴ കക്കാട് സ്വദേശി ചാമപുരയിൽ സക്കറിയ (37)യെ കുന്ദമംഗലം പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുമ്പ് കുന്ദമംഗലം മുറിയനാൽ മലബാർ ഹാർഡ് വെയർ എന്ന സ്ഥാപനത്തിൽ മോഷണം നടന്നിരുന്നു. തുടർന്ന് നോർത്ത് അസി.കമ്മീഷണർ അഷ്റഫിൻ്റെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡ് അംഗങ്ങൾ ഉൾപ്പെട്ട കോഴിക്കോട് സിറ്റി ഡപ്യൂട്ടി കമ്മീഷണർ സുജിത്ത് ദാസ് ഐ .പി.എസിൻ്റെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം സംഭവസ്ഥലത്തേയും പരിസരങ്ങളിലേയും സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിക്കുകയും അടുത്തിടെ ജയിലിൽ നിന്നും പുറത്തിറങ്ങിയ മോഷണ കേസുകളിലെ പ്രതികളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതിൽ നിന്നുമാണ് സക്കറിയയെ കുറിച്ച് സൂചന ലഭിക്കുന്നത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കൊടുവള്ളി മാനിപുരത്ത് നിന്നും കുന്ദമംഗലം സബ്ബ് ഇൻസ്പെക്ടർ ശ്രീജിത്തിൻ്റെ നേതൃത്വത്തിലുള്ള കുന്ദമംഗലം പോലീസും പ്രത്യേക അന്വേഷണ സംഘവും കൂടി കസ്റ്റഡിയിലെടുത്തത്.നിരവധി മോഷണ കേസിലെ പ്രതിയായ സക്കറിയ കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ സമാന കുറ്റകൃത്യം നടത്തി ശിക്ഷ അനുഭവിച്ചിട്ടുണ്ട്.കോവിഡ് പശ്ചാത്തലത്തിൽ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും മോഷണം നടത്തുകയായിരുന്നു.പ്രാഥമിക ചോദ്യം ചെയ്യലിൽ കുന്ദമംഗലത്തെ മോഷണം പ്രതി സമ്മതിച്ചതായി കുന്ദമംഗലം ഇൻസ്പെക്ടർ ജയൻ ഡൊമനിക്ക് പറഞ്ഞു. ജില്ലയിൽ നടന്ന മറ്റു മോഷണ കേസുകളിൽ ഇയാൾ ഉൾപെട്ടിട്ടുണ്ടോ എന്ന് അന്വേഷണം നടത്തുമെന്ന് ഡി.സി.പി സുജിത്ത് ദാസ് പറഞ്ഞു.
കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുമ്പ് മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയ പ്രതികളെയും നിരവധി വാഹനമോഷണ കേസിലെ പ്രതികളെയും ഈ സംഘം അന്വേഷിച്ചു കണ്ടെത്തിയിരുന്നു. കോടതിയിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു