മുൻ രാഷ്ട്രപതി ഡോ. എപിജെ അബ്ദുൾ കലാമിന്റെ ഓർമകൾക്ക് ഇന്ന് അഞ്ച് വയസ്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച രാഷ്ട്രപതിമാരിൽ ഒരാളായിരുന്നു എപിജെ അബ്ദുൾ കലാം. ഇന്ത്യയുടെ പതിനൊന്നാമത് രാഷ്ട്രപതിയായിരുന്ന കലാം ജനകീയനായ രാഷ്ട്രപതിമാരിൽ ഒരാൾ കൂടിയായിരുന്നു.
ഐഎസ്ആർഒയുടെ ആരംഭകാലത്തെ ശാസ്ത്രജ്ഞരിലൊരാളായിരുന്ന കലാം പിൽക്കാലത്ത് ‘ഇന്ത്യയുടെ മിസൈൽമാൻ’ എന്നറിയപ്പെട്ടു. രാഷ്ട്രപതി എന്ന നിലയിൽ ഏറെ ജനകീയനായിരുന്ന അബ്ദുൾ കലാം യുവാക്കളോടും വിദ്യാർത്ഥികളോടും എപ്പോഴും ഏറെ മമത പുലർത്തി.
ലാളിത്യമായിരുന്നു അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം എന്ന എപിജെ അബ്ദുൾ കലാമിന്റെ മുഖമുദ്ര. വിനയം അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ഭാഗമായിരുന്നു. ഏത് പ്രതിസന്ധിഘട്ടത്തിലും ക്ഷമയും സൗമ്യതയും അദ്ദേഹം കൈവിട്ടില്ല. 2002ൽ ഇന്ത്യയുടെ പതിനൊന്നാമത്തെ രാഷ്ട്രപതിയായി കലാമിനെ ബിജെപിയും കോൺഗ്രസും ഒരുപോലെ പിന്തുണച്ചു. രാഷ്ട്രപതിയായി സേവനമനുഷ്ഠിച്ച അഞ്ച് വർഷം രാജ്യത്തിന്റെ മൊത്തം ആദരവും സ്നേഹവും പിടിച്ചുപറ്റാൻ കലാമിന് ഏറെ പണിപ്പെടേണ്ടിവന്നില്ല.
ബഹിരാകാശ എൻജിനീയറിംഗ് പഠനത്തിന് ശേഷം 1960ൽ ഡിആർഡിഒയിൽ ശാസ്ത്രജ്ഞനായി ജോലി ആരംഭിച്ച അബ്ദുൾ കലാമിനെ പിന്നീട് 1969ൽ ഐഎസ്ആർഒയിലേയ്ക്ക് മാറ്റി. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ബാലിസ്റ്റിക് മിസൈലിന്റെയും, ലോഞ്ചിംഗ് വെഹിക്കിളിന്റെയും സാങ്കേതികവിദ്യാവികസനത്തിനും ഏകോപനത്തിനും അബ്ദുൾകലാം നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. അഗ്നി, പൃഥ്വി എന്നീ മിസൈലുകളുടെ ഉപജ്ഞാതാവായിരുന്നു അദ്ദേഹം. 1998ൽ പൊക്രാനിൽ നടന്ന രണ്ടാം അണ്വായുധ പരീക്ഷണത്തിലും അദ്ദേഹത്തിന്റെ പങ്ക് വലുതായിരുന്നു. മിസൈൽ സാങ്കേതികവിദ്യയിലുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്താണ് ഇന്ത്യയുടെ ‘മിസൈൽമാൻ’ എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്.
കുട്ടികൾക്കും യുവാക്കൾക്കും എന്നും വലിയ പ്രചോദനമായിരുന്നു കലാം. കഠിനാധ്വാനത്തിലൂടെ മാത്രമേ വിജയം നേടാനാവൂ എന്നായിരുന്നു അവർക്കുള്ള അദ്ദേഹത്തിന്റെ ഉപദേശം. രാഷ്ട്രപതിയായിരുന്ന കാലത്ത് തനിക്ക് വിദ്യാർത്ഥികളിൽ നിന്നും യുവാക്കളിൽ നിന്നും ലഭിക്കുന്ന കത്തുകൾക്ക് അദ്ദേഹം ഏറെ പ്രാധാന്യം നൽകിയിരുന്നു. ഒട്ടേറെ സർവകലാശാലകളിൽ നിന്ന് ഓണററി ഡോക്ടറേറ്റ് ലഭിച്ചിട്ടുള്ള കലാമിനെ 1981ൽ പദ്മഭൂഷൺ, 1990ൽ പദ്മവിഭൂഷൺ, 1997ൽ ഭാരതരത്‌നം എന്നീ ബഹുമതികൾ നൽകി രാജ്യം ആദരിച്ചു. ‘അഗ്‌നിച്ചിറകുകൾ’ ഉൾപ്പടെ നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.