കോഴിക്കോട് : കോർപ്പറേഷൻ മുൻ മേയർ എരഞ്ഞിപ്പാലം ചൈത്രത്തിൽ യു.ടി.രാജൻ (70) അന്തരിച്ചു. ഹൃദയാഘാതത്തെതുടർന്ന് കഴിഞ്ഞ 2 ആഴ്ചയായി നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പുലർച്ചെ രണ്ടുമണിയോടെയായിരുന്നു അന്ത്യം.ഭാര്യ: പി.പി.സുശീല (അഭിഭാഷക).മക്കൾ: ഡോ.ആത്മ, രുഗ്മ (മജിസ്ട്രേറ്റ്, കണ്ണൂർ), പരേതനായ യു.ടി.നിഥിൻരാജ്.മരുമക്കൾ: രാമു രമേശ്ചന്ദ്രഭാനു, ജയശങ്കർ. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന മൂഴിക്കലിലെ അപ്പുവൈദ്യരുടെ മകനായ യു.ടി.രാജൻ കെഎസ്‌യു വിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങി നിയമ വിദ്യാർഥിയായിരിക്കെ കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹിയായിരുന്നു.കോൺഗ്രസ് പിളർന്നപ്പോൾ കോൺഗ്രസ് എസി ലെത്തിയ അദ്ദേഹം 1990 ൽ ഇടതുമുന്നണി യുടെ ബാനറിൽ കോഴിക്കോട് മേയറായി.കോൺഗ്രസ് എസി ലെ ഒരു വിഭാഗം മുൻ കേന്ദ്രമന്ത്രി കെ.പി.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ കോൺഗ്രസിലേക്ക് മടങ്ങിയപ്പോൾ യു.ടി.രാജനും കോൺഗ്രസിൽ തിരിച്ചെത്തി.കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാന പ്രകാരം ബിജെപി യിൽ ചേർന്നു.