കുന്ദമംഗലം: ഗ്രാമപഞ്ചായത്തിൽ 23-ആം വാർഡിൽ പറക്കുന്നത്ത്തടായിൽ എന്ന പറമ്പിൽ ഒരു വ്യക്തിയുടെ സ്ഥലത്തു സ്ഥാപിതമായ രണ്ട് സ്വകാര്യ മൊബൈൽ ടവറുകളുടെ പ്രവർത്തനത്തിലൂടെ 22, 23 എന്നീ വാർഡുകളിലെ ഒരു പ്രദേശത്തെ മനുഷ്യരെ മൊത്തം കാൻസർ രോഗത്തിന്റെയും, മറ്റു രോഗങ്ങളുടെയും ഭീതിയിലേക്ക് തള്ളിവിട്ടിരിക്കയാണ്. സമീപകാലങ്ങളിലായി ഈ പ്രദേശത്തെ പലരും കാൻസർ രോഗത്തിന്റെ പിടിയിലാവുകയും മരണപ്പെടുകയും ഉണ്ടായി. ചിലരുടെ പേര് ഇവിടെ പരാമർശിക്കുന്നു. മൊയ്‌ദീൻ ടി. വി. സി, കാർത്യായനി അമ്മ വെളുപ്പാൽ, ബാബു വെളുപ്പാൽ, പാത്തുമ്മ മാക്കൂട്ടം പുറായിൽ, അരണോളിച്ചാലിൽ ശ്രീധരൻ.,
നിലവിൽ ഈ പ്രദേശത്ത് ധാരാളംപേർ കാൻസർ രോഗ പിടിയിലാണ് എന്നതും ഈ പ്രദേശത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. കൂടാതെ പല വീടുകളിലും ശിശുമരണങ്ങളും വർധിച്ചുവരുന്നു. പലർക്കും വിവാഹശേഷം വർഷങ്ങളായി കുട്ടികൾ ഉണ്ടാകുന്നില്ല.
ഇതിനെല്ലാം കാരണം മേൽ പറഞ്ഞ മൊബൈൽ ടവറുകളാണെന്ന് പ്രദേശവാസികൾ ഉറച്ചു വിശ്വസിക്കുന്നു. കാരണം മറ്റു പ്രദേശങ്ങളിൽ മേൽപറഞ്ഞ അസുഖങ്ങൾ ഇപ്രകാരം റിപ്പോർട്ട് ചെയ്തിട്ടില്ല.
17 വർഷത്തോളമായി ടവറുകൾ പ്രവർത്തിക്കുന്നു. പ്രദേശവാസികൾ പലരീതിയിലുള്ള പ്രക്ഷോഭം നടത്തിയിട്ടും ഈ വിഷയത്തിൽ യാതൊരു പരിഹാരവും ഉണ്ടായിട്ടില്ല.
മേൽപറഞ്ഞ 2 ടവറുകളിൽ ഒരു ടവറിന്റെ എഗ്രിമെന്റ് കാലാവധി ഈ വർഷം അവസാനിച്ചതിനാൽ സ്ഥലം ഉടമ എഗ്രിമെന്റ് പുതുക്കിയിട്ടില്ല. എന്നാൽ കാലാവധി കഴിഞ്ഞ ടവറിലെ ഉപകരണങ്ങൾ കാലാവധി കഴിയാത്ത ടവറിലേക് മാറ്റി സ്ഥാപിക്കുകയാണ് ചെയ്തത്. ബി.എസ്.എൻ.എൽ ഒഴിച് കേരളത്തിൽ നിലവിലുള്ള മറ്റെല്ലാ മൊബൈൽ ഫോൺ കമ്പനികളുടെയും ഉപകരണങ്ങൾ ടവറിൽ ഫിറ്റ് ചെയ്തിട്ടുണ്ട്.
ഇനിയും ഇതിനൊരു പരിഹാരം കാണുവാൻ സാധിച്ചില്ലെങ്കിൽ ഈ പ്രദേശത്തെ ജനങ്ങളുടെ ജീവന് ഭീഷണിയായ മേൽപറഞ്ഞ ടവറിന്റെ പ്രവർത്തനത്തിനെതിരെ ഉചിതമായ, ശക്തമായ മേൽനടപടികൾ സ്വീകരിക്കുവാൻ പ്രദേശവാസികൾ തീരുമാനിച്ചിരിക്കുന്നു.
എം ബാബുമോൻ (വാർഡ്, മെമ്പർ കുന്ദമംഗലം ഗ്രാമപഞ്ചായത്ത്), അസ്ബിജ. കെ ( വാർഡ് മെമ്പർ), ആരോഗ്യ ചെയർ പേഴ്സൺ (കുന്നമംഗലം ഗ്രാമപഞ്ചായത്) എന്നിവർ പങ്കെടുത്ത പ്രദേശവാസികളുടെ യോഗത്തിൽ വെച്ച് സുനിൽദാസ് ചെയർമാൻ ആയും അജ്മൽ കൺവീനർ ആയും ആക്ഷൻ കമ്മിറ്റി രൂപികരിച്ചു ഭാവിപ്രവർത്തനങ്ങൾ ശക്തമാക്കുവാൻ തീരുമാനിച്ചു.