കുന്ദമംഗലം. കോവിഡ് 19 ലോക്ക്ഡൗണ്‍ മൂലം തിരികെ ജോലിയില്‍ പ്രവേശിക്കാനാവാതെ വന്ന പ്രവാസി കേരളിയര്‍ക്ക് നോര്‍ക്ക റൂട്ട്സ് മുഖേന അനുവദിച്ച 5000 രൂപ സാമ്പത്തിക സഹായത്തിന് അപേക്ഷിക്കുന്നതിനുള്ള നടപടികള്‍ എളുപ്പമാക്കണമെന്ന് കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മറ്റി ആവശ്യപ്പെട്ടു. ഏപ്രില്‍ 18 മുതല്‍ അപേക്ഷ സമര്‍പ്പണം ആരംഭിച്ചിട്ടുണ്ടെങ്കിലും നോര്‍ക്ക വെബ്സൈറ്റിന്‍റെ സാങ്കേതിക പ്രശ്നങ്ങളും അനാവശ്യ നിബന്ധനകളും കാരണം ഭൂരിപക്ഷം പ്രവാസികള്‍ക്കും അപേക്ഷ സമര്‍പ്പിക്കാന്‍ സാധിച്ചിട്ടില്ല. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ നോര്‍ക്ക റൂട്ട്സിന്‍റെ വെബ്സൈറ്റ് മുഖേന അപേക്ഷ ലിങ്കില്‍ പ്രവേശിക്കുന്ന സമയത്ത് സാങ്കേതിക പ്രശ്നങ്ങള്‍ കാരണം അപേക്ഷ സമര്‍പ്പിക്കേണ്ട പേജ് തുറക്കാത്ത അവസ്ഥയാണ് നിലവില്‍ ഉള്ളത്.
ഏപ്രില്‍ 21 മുതല്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് നാട്ടിലേക്ക് വന്ന ടിക്കറ്റ് കൂടി സ്കാന്‍ ചെയ്ത് സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്. ഏപ്രില്‍ 21 ന് മുമ്പ് ചെയ്തവരോട് ടിക്കറ്റ് ന്‍റെ കോപ്പി നോര്‍ക്കയിലേക്ക് മെയില്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മെസ്സേജും വന്നിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പുള്ള ടിക്കറ്റ് പലരുടെ കയ്യില്‍ നിന്നും നഷ്ടപ്പെട്ട് പോയിട്ടുണ്ട്. പാസ്പോര്‍ട്ടില്‍ ഓരോ വ്യക്തിയുടേയും പേരും ഫോട്ടോയും വിലാസവും യാത്ര രേഖകളും കൃത്യമായി ഉണ്ടായിരിക്കെ ടിക്കറ്റിന്‍റെ കോപ്പി കൂടി ആവശ്യപ്പെടുന്നത് മൂലം പലര്‍ക്കും അപേക്ഷ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നില്ല. അതോടൊപ്പം പ്രവാസിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൂടി ആവശ്യപ്പെടുന്നുണ്ട്. സ്വന്തമായി അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് ഭാര്യയുടെയോ ഭര്‍ത്താവിന്‍റേയോ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കിയാല്‍ മതിയെന്ന് ഏപ്രില്‍ 21 ന് പത്രകുറിപ്പിലൂടെ അറിയിച്ചിട്ടുണ്ടെങ്കിലും അതിന്‍റെ കൃത്യമായ വിവരങ്ങളോ സബ്മിറ്റ് ചെയ്യേണ്ട ഒപ്ഷനോ വെബ്സൈറ്റില്‍ വന്നിട്ടില്ല. സ്വന്തമായി അക്കൗണ്ട് ഇല്ലാത്ത അവിവാഹിതരായ പ്രവാസികളും ഭാര്യമാര്‍ക്ക് അക്കൗണ്ട് ഇല്ലാത്ത പ്രവാസികളും ഉള്‍പ്പടെ നിരവധി പ്രവാസികള്‍ ഇത് മൂലം ദുരിതത്തില്‍ ആയിട്ടുണ്ട്. ലോക്ക്ഡൗണ്‍ കാലമായതിനാല്‍ പുതിയ അക്കൗണ്ട് തുറക്കുന്നതിന് ബാങ്ക് അധികാരികളും അനുവദിക്കുന്നില്ല, ഇതുമൂലം അര്‍ഹരായ ഒട്ടനവധി പ്രവാസികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കുന്നില്ല.
ഇത്തരം അനാവശ്യ നിബന്ധനകളും സാങ്കേതിക പ്രശ്നങ്ങളും കാരണം പാവപ്പെട്ട പ്രവാസികള്‍ക്ക് അവര്‍ക്ക് അര്‍ഹതപ്പെട്ട സഹായം നിഷേധിക്കപ്പെടുന്ന അവസ്ഥയാണ്. ഈ വിഷയത്തില്‍ അടിയന്തിരമായി അധികാരികള്‍ ഇടപെടണമെന്നും സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിച്ചും അനാവശ്യ നിബന്ധനകള്‍ ഒഴിവാക്കി നിബന്ധനകള്‍ ലഘൂകരിച്ചും അടിയന്തിരമായി ഇതിന് പരിഹാരം കാണാന്‍ തയ്യാറാകണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. കൂടാതെ ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ എത്തിച്ചേരുകയും ലോക്ക്ഡൗണ്‍ കാരണം തിരിച്ച് പോവന്‍ കഴിയാത്ത പ്രവാസികള്‍ക്ക് കൂടി സഹായം ലഭ്യമാക്കണമെന്നും അപേക്ഷ സമര്‍പ്പിക്കുവാനുള്ള അവസാന തിയ്യതി ഏപ്രില്‍ 30 എന്നുള്ളത് മെയ് 15 വരെ നീട്ടണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്‍റ് ഒ എം നൗഷാദ് അദ്ധ്യക്ഷനായിരുന്നു. കെ ജാഫര്‍ സാദിക്ക്, കുഞ്ഞിമരക്കാര്‍, ഐ സല്‍മാന്‍, നൗഷാദ് സി, സലീം എം പി, കെ പി സൈഫുദ്ധീന്‍, യു എ ഗഫൂര്‍, ടി പി എം സാദിക്ക്, അഡ്വ. ജുനൈദ് ടി പി, സിറാജ് പി, എന്‍ എ അസീസ്
സംസാരിച്ചു.