പന്തീരാങ്കാവ്: കടയ്ക്ക് മുന്നിൽ സ്ഥിരമായി മദ്യപാനം നടത്തിയവർക്കെതിരെ പോലീസിൽ പരാതി നൽകിയ കട ഉടമകളെ ക്രൂരമായി ലാത്തികൊണ്ട് മർദിച്ച പന്തീരാങ്കാവ് എസ് ഐ ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി അൻവർ സാദത്ത് ആവശ്യപ്പെട്ടു. മർദ്ദനത്തിനിരയായവരുടെ വീട് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാതി ലഭിച്ചതിനെ തുടർന്ന് സംഭവ സ്ഥലത്തെത്തിയ പോലീസ് കാര്യങ്ങൾ അന്വേഷിക്കാതെ കട ഉടമകളെയും ജീവനക്കാരെയും ഉപഭോക്താക്കളെയും മർദ്ദിക്കുകയായിരുന്നു. പരാതിക്കാരാണെന്ന് പറഞ്ഞിട്ടും ചെവിക്കൊള്ളാൻ പോലീസ് തയ്യാറായില്ല. അടിയേറ്റതിനെ തുടർന്ന് സമീപത്തെ ആശുപത്രിയിൽ പ്രവേശിച്ച കട ഉടമയെ ആശുപത്രി പരിസരത്ത് വെച്ചും മർദ്ദിക്കുകയുണ്ടായി. വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡൻറ് ടി പി ശാഹുൽ ഹമീദ്, മണ്ഡലം ട്രഷറർ ഉമ്മർ മാസ്റ്റർ, കമ്മിറ്റി അംഗം മുസ്ലിഹ് പെരിങ്ങോളം എന്നിവർ സന്ദർശനത്തിൽ പങ്കാളികളായി.