കുന്ദമംഗലം: ആർ എസ് എസ് നേതൃത്വത്തിലുള്ള മോദി സർക്കാർ നടപ്പിലാക്കുന്ന മതാധിഷ്ഠിത പൗരത്വ ഭേദഗതി നിയമം മതനിരപേക്ഷ ഇന്ത്യയുടെ ഹൃദയത്തിൽ ആഴത്തിലുള്ള മുറിവാണുണ്ടാക്കിയതെന്ന് എം.കെ. രാഘവൻ എം.പി.പൗരത്വ ബില്ലിനെതിരെ കുന്ദമംഗലം മണ്ഡലം കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച രാപ്പകൽ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ രാവിലെ 10 മണിക്ക് കുന്ദമംഗലം ഗാന്ധി സ്ക്വയറിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയാണ് സമരം ആരംഭിച്ചത്.
മണ്ഡലം പ്രസിഡണ്ട് ബാബു നെല്ലൂളി അധ്യക്ഷത വഹിച്ചു. പൗരത്വ ഭേദഗതി നിയമം ഒരു സമുദായത്തിന്റെയോ ഒരു മതത്തിന്റെയോ പ്രശ്നമല്ല. രാജ്യം അനുവർത്തിച്ചു വരുന്ന മതനിരപേക്ഷതയുടെയും ഭരണഘടനയുടെ അന്തസ്സിന്റേയും പ്രശ്നമാണ്. നാനാജാതി മത വിഭാഗങ്ങൾ വർഷങ്ങളായി ഐക്യത്തോടെ ജീവിക്കുന്ന ഭാരതത്തെ മതത്തിന്റെ പേരിൽ വിഭജിക്കാനുള്ള ശ്രമത്തിൽ ജനങ്ങൾ ആശങ്കാകുലരാണ്. പൗരത്വത്തിന് മതം മാനദണ്ഡമാക്കാനുള്ള ശ്രമങ്ങൾക്കെതിരെ രാജ്യത്തുട നീളം സമരാഗ്നി ആളിപ്പടർന്നു കഴിഞ്ഞു. വിദ്യാർത്ഥികളും യുവാക്കളും തൊഴിലാളികളും തെരുവിലാണ്. സമരം ചെയ്യുന്ന വിദ്യാർത്ഥികളെ ക്യാമ്പസിനകത്ത് പോലും ക്രൂരമായി മർദ്ദിക്കപ്പെട്ടു. ബഹുസ്വരതയുടെ ആണിക്കല്ലായ മതനിരപേക്ഷതയെയാണ് പൗരത്വ ഭേദഗതി ബില്ലിലൂടെ ചോദ്യം ചെയ്യപ്പെട്ടത്. എല്ലാ വിഭാഗം ജനങ്ങൾക്കും തുല്യപരിഗണനയെന്ന ഭരണഘടനയുടെ അടിസ്ഥാന തത്വം കാത്തു സൂക്ഷിക്കുവാൻ ഇന്ത്യൻ നാഷനൽ കോൺഗ്രസ് എന്നും കരുത്തോടെ മുന്നിലുണ്ടാവുമെന്നതാണ് ഈ സമര പോരാട്ടങ്ങൾ സൂചിപ്പിക്കുന്നതെന്നും എം.കെ. രാഘവൻ പറഞ്ഞു. മുൻ ഡി സി സി പ്രസിഡണ്ട് കെ.സി. അബു മുഖ്യ പ്രഭാഷണം നടത്തി. ഡി സി സി ജനറൽ സെക്രട്ടറിമാരായ ഇ.എം. ജയപ്രകാശൻ, ദിനേശ് പെരുമണ്ണ, വിനോദ് പടനിലം, ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് എം.പി. കേളുക്കുട്ടി, വൈസ് പ്രസിഡണ്ടുമാരായ പി.ഷൗക്കത്തലി, ടി.കെ. ഹിതേഷ് കുമാർ, പഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവ്, ജില്ലാ പഞ്ചായത്തംഗം രജനി തടത്തിൽ, മാവൂർ പഞ്ചായത്ത് പ്രസിഡണ്ട് സി.മുനീറത്ത് ടീച്ചർ, ബ്ലോക്ക് പഞ്ചായത്തംഗം വിജി മുപ്രമ്മൽ, ദലിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ. മാധവൻ, എം. പ്രബീഷ്, ബൈജു തീക്കുന്നുമ്മൽ, നൗഷാദ് തെക്കയിൽ, അഡ്വ.ഷമീർ കുന്ദമംഗലം പ്രസംഗിച്ചു.