മസ്കറ്റ് :
ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ് ബിൻ സഈദ് അന്തരിച്ചു. 79 വയസ്സ് പ്രായമായിരുന്നു. അർബുദ രോഗബാധിതനായി ബെൽജിയത്തിൽ ചികിത്സയിലായിരുന്ന അദ്ദേഹം വെള്ളിയാഴ്ച രാത്രിയോടെയാണ് വിടവാങ്ങിയത്. അറബ് ലോകത്ത് ഏറ്റവും കൂടുതൽ കാലം ഭരണത്തിലിരുന്ന ചുരുക്കം ഭരണാധികാരികളിൽ ഒരാളാണ് സുൽത്താൻ ഖാബൂസ്. അര നൂറ്റാണ്ടിന്റെ ചരിത്ര പരമായ ദൗത്യം നിറവേറ്റിയാണ് മടക്കം.
ബുസൈദി രാജവംശത്തിന്റെ എട്ടാമത്തെ സുൽത്താനായി 1970 ജൂലായ് 23-നാണ് സുൽത്താൻ ഖാബൂസ് ബിൻ സഈദ് അധികാരമേറ്റത്. അവിവാഹിതനാണ്.
സുൽത്താൻ സഈദ് ബിൻ തൈമൂറിന്റെയും മാസൂൺ അൽ മാഷനി രാജകുമാരിയുടെയും ഏകമകനായി 1940 നവംബർ പതിനെട്ടിന് സലാലയിൽ ജനനം. പുണെയിലും സലാലയിലും പ്രാഥമികവിദ്യാഭ്യാസം. ഇന്ത്യയുടെ മുൻ രാഷ്ട്രപതി ശങ്കർദയാൽ ശർമ അദ്ദേഹത്തിന് ഗുരുസ്ഥാനീയനാവുന്നതങ്ങനെയാണ്. ഇന്ത്യയുമായി അദ്ദേഹം എന്നും ഊഷ്മളമായ ബന്ധത്തിലായിരുന്നു.
ലണ്ടനിലെ സ്റ്റാൻഡേർഡ് മിലിട്ടറി അക്കാദമിയിൽനിന്ന് ആധുനികയുദ്ധതന്ത്രങ്ങളിൽ അദ്ദേഹം നൈപുണ്യംനേടി. തുടർന്ന് പശ്ചിമജർമനിയിലെ ഇൻഫൻട്രി ബറ്റാലിയനിൽ ഒരുവർഷം സേവനം. വീണ്ടും ലണ്ടനിലെത്തി ഭരണക്രമങ്ങളിലും രാഷ്ട്രതന്ത്രശാസ്ത്രത്തിലും ഉന്നതവിദ്യാഭ്യാസം. സ്ഥാനാരോഹണശേഷം അദ്ദേഹം ആദ്യമായി ചെയ്തത് രാജ്യത്തിന്റെ പേരുമാറ്റമായിരുന്നു. മസ്കറ്റ് ആൻഡ് ഒമാൻ എന്ന പേരുമാറ്റി സുൽത്താനേറ്റ് ഓഫ് ഒമാൻ എന്നാക്കി സ്വന്തംരാജ്യത്തെ ലോകത്തിലടയാളപ്പെടുത്തി.
ആധുനിക ഒമാനിന്റെ ശില്പിയും
പശ്ചിമേഷ്യയിലെ സമാധാന പ്രിയനായ ഭരണാധികാരിയുമായിരുന്നു
സുൽത്താൻ ഖാബൂസ്.
നിഷ്പക്ഷമായ നിലപാടും
നിഷ്കളങ്കമായ സമീപനവും
നിസ്വാർത്ഥമായ ഇടപെടലുകളും
നിശ്ചയ ദാർഢ്യത്തോടെയുള്ള പ്രയാണവും
അറബ് രാജ്യങ്ങളിൽ അദ്ദേഹത്തിന്
ശാന്തനായ ഭരണാധികാരിയെന്ന
പദവി നൽകിയിരുന്നു.
അസുഖ ബാധിതനായി ചികിത്സയിൽ
കഴിഞ്ഞപ്പോഴും രാജ്യത്തെ പുരോഗതിയുടെ
പാതയിലേക്ക് നയിക്കുന്നതിൽ ജാഗരൂഗനായിരുന്നു.. മലയാളികളടക്കമുള്ള ഇന്ത്യക്കാർക്കും മറ്റു വിദേശികൾക്കും ഒമാനിന്റെ കവാടം മലർക്കെ തുറന്നിട്ട സുൽത്താൻ ഖാബൂസ് രാജ്യത്തെ ആധുനിക വികസനത്തിലേക്ക് നയിക്കുന്നതിനിടെയാണ് വിടവാങ്ങിയത്.
പശ്ചിമേഷ്യൻ മേഖലയിലെ അസ്വസ്ഥതകൾ പരിഹരിക്കുന്നതിൽ പലപ്പോഴും മധ്യവർത്തിയുടെ റോളിലായിരുന്ന സുൽത്താൻ ഖാബൂസ് മേഖലയിൽ സമാധാനം നിലനിർത്താൻ അഹോരാത്രം യത്നിച്ചിരുന്നു. വിവിധ രാജ്യങ്ങളിലെ ഭരണാധികാരികൾ അനുശോചനം രേഖപ്പെടുത്തി.