കുന്ദമംഗലം :പോലീസ് സ്റ്റേഷൻ കെട്ടിട ശിലാസ്ഥാപന പരിപാടിയുടെ സ്വാഗത സംഘം രൂപീകരണ യോഗം പി.ടി. എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പിൽ അദ്ധ്യക്ഷത വഹിച്ചു.
1.3 കോടി രൂപ ചെലവിൽ ആധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന കെട്ടിടത്തിന് എൻ.ഐ.ടിയുടെ ആർകിടെക്ചറൽ വിംഗാണ് പ്ലാൻ തയ്യാറാക്കിയത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപറേറ്റീവ് സൊസൈറ്റി കരാർ എടുത്ത പ്രസ്തുത പ്രവൃത്തിക്ക് പി.ടി.എ റഹീം എം.എൽ.എയുടെ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയിൽ നിന്നാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്.
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പിൽ ചെയർ പേർസണും നോർത്ത് അസിസ്റ്റന്റ് കമ്മീഷണർ എ.വി പ്രദീപ് ജനറൽ കൺവീനറുമായി സ്വാഗത സംഘം രൂപീകരിച്ചു.
നോർത്ത് അസി. കമ്മീഷണർ എ.വി പ്രദീപ്, തെഞ്ചേരി വേലായുധൻ, ഒ. ഉസ്സയിൻ, ടി. ചക്രായുധൻ, എം. ബാലസുബ്രഹ്മണ്യൻ, പി.കെ ബാപ്പു ഹാജി, ഒ. വേലായുധൻ സംസാരിച്ചു.
കേരളാ പോലീസ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് വി.പി പവിത്രൻ സ്വാഗതവും പോലീസ് ഓഫീസേർസ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് കെ. വിവേകാനന്ദൻ നന്ദിയും പറഞ്ഞു.