കുന്ദമംഗലം: പോലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം മാർച്ച് 9 ശനിയാഴ്ച രാവിലെ 9-30 ന് തൊഴിലും എക്സൈസും വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ നിർവ്വഹിക്കും. പി.ടി.എ റഹീം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
1.3 കോടി രൂപ ചെലവിൽ ആധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന കെട്ടിടത്തിന് എൻ.ഐ.ടിയുടെ ആർകിടെക്ചറൽ വിംഗാണ് പ്ലാൻ തയ്യാറാക്കിയത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ടിംഗ് സൊസൈറ്റി കരാർ എടുത്ത പ്രസ്തുത പ്രവൃത്തിക്ക് പി.ടി.എ റഹീം എം.എൽ.എയുടെ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയിൽ നിന്നാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്.
പ്രവൃത്തി ഉദ്ഘാടന പരിപാടിയുടെ സ്വാഗത സംഘം രൂപീകരണ യോഗം 4.3.2019 തിങ്കൾ ഉച്ചക്ക് 2.30 ന് കുന്ദമംഗലം വ്യാപാരഭവൻ ഹാളിൽ ചേരുന്നതാണെന്ന് എം.എൽ.എയുടെ ഓഫീസിൽ നിന്നും അറിയിച്ചു.