മുക്കം: അഞ്ഞൂറ് ഗ്രാം കഞ്ചാവുമായി മുക്കം വലിയപറമ്പ് സ്വദേശി പെരിലക്കാട് അബ്ദുറഹ്മാൻ എന്ന അബ്ദു(55) മുക്കം പോലീസിന്റെ പിടിയിലായി. താമരശ്ശേരി ഡിവൈഎസ്പി എം. സുബൈർ അവർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മുക്കം എസ്.ഐ കെ.പി അഭിലാഷും സംഘവും നടത്തിയ രഹസ്യ നീക്കത്തിലാണ് രാത്രി എട്ടുമണിയോട് കൂടി എടവണ്ണ സംസ്ഥാന പാതയിൽ വലിയപറമ്പിന് സമീപം റോഡരികിൽ വെച്ച് ഇയാൾ പിടിയിലായത്. മുമ്പ് പലതവണ കഞ്ചാവ് കേസിൽ പിടിയിലായ ഇയാൾ മുക്കത്തും പരിസരത്തും വിദ്യാർത്ഥികൾക്കടക്കം കഞ്ചാവ് വിൽപന നടത്തുന്ന ആളാണെന്ന് മുക്കം എസ്.ഐ കെ.പി അഭിലാഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇയാൾ മുമ്പ് പലതവണ എക്സൈസിന്റെയും പോലീസിന്റെയും കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടിട്ടുള്ളതാണ്. ന്യൂ ഇയർ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലുടനീളം ലഹരി മരുന്നുകൾ പിടികൂടുന്നതിനു വേണ്ടി ശക്തമായ തിരച്ചിൽ നടത്താൻ ജില്ലാ പോലീസ് മേധാവി ജി ജയദേവ് ഐപിഎസ് ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും നിർദ്ദേശം നൽകിയിട്ടുണ്ട്. ആയതിന്റെ അടിസ്ഥാനത്തിൽ ജില്ലാ ആൻറി നാർക്കോട്ടിക് സ്ക്വാഡ് (DANSAF) അംഗങ്ങളടക്കം സ്ഥിരമായി കഞ്ചാവ് കച്ചവടം നടത്തുന്ന ആളുകളെ നിരീക്ഷിച്ച് വരുന്നതിനിടയിലാണ് ഇയാൾ പിടിയിലാകുന്നത്. പോലീസ് പിടിയിലാകുമ്പോൾ ഇയാളുടെ കൈവശം സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ്. മുക്കം എസ്ഐ കെ പി അഭിലാഷ്, SCPO സലീം മുട്ടത്ത്, താമരശ്ശേരി ഡിവൈഎസ്പിയുടെ ക്രൈം സ്ക്വാഡ് അംഗം ഷെഫീഖ് നീലിയാനിക്കൽ, സിപിഒമാരായ ശ്രീജേഷ് വി.എസ്, ശ്രീകാന്ത് കെട്ടാങ്ങൽ, ലിനേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ നാളെ താമരശ്ശേരി കോടതിയിൽ ഹാജരാക്കുമെന്ന് മുക്കം എസ്.ഐ അറിയിച്ചു.